കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്. വീടുകളിലും കടകളിലും വെള്ളം കയറി. പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടു.രാത്രി 10 മണി മുതൽ തുടർച്ചയായി രണ്ട് മണിക്കൂർ നീണ്ടുനിന്ന മഴയിൽ സൗത്ത് റെയിൽവേ കോളനിയിലെ വീടുകളിൽ വെള്ളം കയറി. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ താമസക്കാർ.

നഗരഹൃദയമായ എംജി റോഡിലും സൗത്ത് മെട്രോ സ്റ്റേഷൻ പരിസരത്തും സ്ഥിതി സമാനമായിരുന്നു. റോഡരികിലെ തട്ടുകടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വടക്കേ കോട്ടയിൽ റോഡിൽ വെള്ളം ഉയർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. എംജി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നഗരത്തിന് പുറമെ ജില്ലയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിലും കനത്ത മഴയാണ് ലഭിച്ചത്. ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് നഗരത്തിൽ വെള്ളം ഉയരാൻ കാരണമായതെന്ന ആക്ഷേപം ശക്തമാണ്.

ENGLISH SUMMARY:

Kochi heavy rain has caused severe waterlogging in various parts of the city, leading to flooded homes and businesses, and traffic disruptions. Residents in areas like South Railway Colony are struggling to even exit their homes due to the inundation