postoffice-close

TOPICS COVERED

ആറ് പതിറ്റാണ്ടായി ചേർത്തല നഗരത്തിൽ പ്രവർത്തിക്കുന്ന കച്ചേരി പോസ്റ്റോഫീസിന് പൂട്ട് വീഴുന്നു. സ്വകാര്യവൽക്കരണവും ജീവനക്കാരെ കുറയ്ക്കലും ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ നടപടികളുടെ ഭാഗമായാണ് അടച്ചുപൂട്ടൽ  എന്നാണ് ആരോപണം. ഇതോടെ ഇവിടെ പ്രവർത്തിക്കുന്ന മഹിളാ പ്രധാൻ എജൻ്റുമാരുടെ തൊഴിലും നഷ്ടമാകും. 

നഗരപ്രദേശങ്ങളിൽ രണ്ടുകിലോമീറ്ററിനുള്ളിൽ ഒന്നും  ഗ്രാമങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിൽ ഒന്നും പോസ്റ്റ് ഓഫീസ് മതിയെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ഇതേ തുടർന്നാണ് ചേർത്തലയിലെ പോസ്റ്റ് ഓഫീസും പൂട്ടുന്നത്. നിർത്തുന്നതിന് മുന്നോടിയായി തപാൽ ഉരുപ്പടികളുടെ വിതരണകേന്ദ്രം ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് മാറ്റി. കച്ചേരി പോസ്റ്റോഫീസിൽ  പ്രവർത്തിക്കുന്ന 7 മഹിളാ പ്രധാൻ പ്രവർത്തകർ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.പ്രസാദ്, കെ.സി വേണുഗോപാൽ എം.പി എന്നിവർക്ക് നിവേദനം നൽകി.

 പോസ്റ്റ് ഓഫീസിൽ  ഏഴ് മഹിളാ പ്രധാൻ പ്രവർത്തകർക്ക് പോസ്റ്റ് ഓഫീസ് പരിധിയിൽ മാത്രം 3000 ത്തോളം ഇടപാടുകാരുണ്ട് . ഇവരിൽ നിന്ന് മാസം 60 ലക്ഷത്തോളം രൂപ നിക്ഷേപ ഇനത്തിൽ അടയ്ക്കാറുണ്ട്. പോസ്റ്റ് ഓഫീസ് പൂട്ടുന്നതോടെ മഹിളാ പ്രധാൻ എജൻ്റുമാരുടെ ജോലിയും നഷ്ടമാകും. തപാൽ വകുപ്പിൻ്റെ  വിവിധ പദ്ധതികളിലേക്ക് പണം സ്വീകരിക്കൽ, തപാൽ സാമഗ്രികളുടെ വിൽപ്പന, പാഴ്സൽ അയക്കൽ തുടങ്ങിയവ മാത്രമാണിപ്പോൾ സബ് ഓഫീസുകളിൽ നടക്കുന്നത്. ചേർത്തല കച്ചേരി  പോസ്റ്റോഫീസ് കൂടാതെ ആലപ്പുഴയിൽ കാഞ്ഞിരംചിറ ബ്രാഞ്ച് പോസ്റ്റ് ഓഫീസും , ആലപ്പുഴ നോർത്ത്, കലക്ടറേറ്റ്, തിരുവമ്പാടി, പഴവീട്, മുല്ലക്കൽ, തോണ്ടൻകുളങ്ങര, തത്തംപള്ളി, അവലൂക്കന്ന്. ജില്ലാ ആശുപത്രി, ഇരുമ്പു പാലം പോസ്റ്റ‌് ഓഫീസുകൾക്കും അടച്ചുപൂട്ടൽ ഭീഷണിയുണ്ട്.

ENGLISH SUMMARY:

Post office closure impacts Mahila Pradhan agents in Cherthala. The closure of the Cherthala Kachery post office, along with other branches in Alappuzha, threatens jobs and disrupts postal services due to central government policies.