ആലപ്പുഴ തൃക്കുന്നപ്പുഴ വലിയകുളങ്ങരയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. തമ്മിൽത്തല്ലിനിടെ ഒരാൾ എതിർ സംഘത്തിന് നേരെ തോക്ക് ചൂണ്ടി വെടിയുതിര്‍ത്തു. സംഘർഷത്തിൽ പത്ത് പേർക്ക് പരുക്കേറ്റു.
തൃക്കുന്നപ്പുഴ വലിയ കുളങ്ങരയിൽ അർധരാത്രി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടുന്ന ദൃശ്യമാണിത്. ഇതിന് ഏതാനും മണിക്കൂർ മുൻപ് തൊട്ടടുത്തുള്ള കെടിഡിസി ബിയർ പാർലറിന് മുൻപിലും സംഘം ഏറ്റുമുട്ടിയിരുന്നു. കാർത്തികപ്പള്ളി പുളിക്കീഴ് നിന്നുള്ള ഗുണ്ടകൾ വലിയ കുളങ്ങര ക്ഷേത്രത്തിലെ ഉൽസവത്തിനെത്തിയപ്പോഴാണ് സംഘർഷം. തൊട്ടടുത്തുള്ള ബിയർ പാർലറിൽ ഇവർ വന്നപ്പോൾ പ്രദേശവാസികളായ ഗുണ്ടകളുടെ സംഘവുമായി തർക്കം ഉണ്ടായി. വാക്കേറ്റം അടിയിൽ കലാശിച്ചു. പിന്നാലെയാണ് പുളിക്കീഴിലെ കെട്ടു കാഴ്ച്ച നിർമാണ സ്ഥലത്ത് എത്തി തമ്മിലടിച്ചത്. സംഘർഷത്തിനിടെ ഒരാൾ എതിർ സംഘത്തിന് നേരെ വെടിയുതിര്‍ത്തു.
തമ്മിൽ തല്ലിയ ഗുണ്ടകൾക്കെതിരെ നാട്ടുകാർ രംഗത്ത് വന്ന് അവരെ അവിടെ നിന്ന് ഓടിച്ചു. 10 പേർക്കാണ് തമ്മിലടിയിൽ പരുക്കേറ്റത്. എട്ടു പേർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പോലിസ് എത്തിയപ്പോഴേക്കും വണ്ടാനത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നവർ മുങ്ങി. പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി എടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു. തോക്ക് പോലിസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളായവരാണ് രണ്ടു സംഘങ്ങളിലും ഉണ്ടായിരുന്നത്.