ആലപ്പുഴ പുന്നപ്രയിലെ ഗോപി ദാസ് വീണ്ടും പരീക്ഷയെഴുതിയത് 79-ാം വയസിൽ. അമ്മയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനാണ് ഗോപിദാസ് വാർധക്യത്തിലും പഠിച്ചതും പരീക്ഷ എഴുതുന്നതും . പറവൂർ താന്നിപ്പടിച്ചിറയിൽ ഗോപിദാസിന് പ്രായത്തിൻ്റെ പരിമിതികളൊന്നും ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതുന്നതിന് തടസമായില്ല.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവാണ് ഈ മുത്തച്ഛൻ. മകൻ സർക്കാർ ജീവനക്കാരനാകണമെന്നും പത്താം ക്ലാസ് പരീക്ഷ പാസാകണമെന്നുമായിരുന്നു മാതാവ് ഭവാനിയുടെ ആഗ്രഹം. പല കാരണങ്ങളാൽ അമ്മയുടെ ആഗ്രഹം നിറവേറ്റാനായില്ല. കുടുംബം പുലർത്താൻ പിന്നീട് കയർ തൊഴിലാളിയായി.ഇതിനിടയിൽ മാതാവും മരണപ്പെട്ടു. പ്രിയപ്പെട്ട അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഗോപി ദാസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. തുടർന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയപ്പോൾ. 4 വിഷയത്തിന് എ പ്ലസും മറ്റ് വിഷയങ്ങൾക്ക് എ യും ലഭിച്ചു. മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസമാണ് ഇത്തവണയും.
വിവിധ ദിവസങ്ങളിലായി 6 പരീക്ഷയാണ് എഴുതുന്നത്. ആദ്യ ദിവസം മലയാളമായിരുന്നു പരീക്ഷ.ഞായറാഴ്ച മാത്രമാണ് അമ്പലപ്പുഴ കെ.കെ.കുഞ്ചു പിള്ള മെമ്മോറിയൽ സ്കൂളിൽ ക്ലാസുള്ളത്. ഒരിക്കലും മുടങ്ങാതെ ഗോപിദാസ് ക്ലാസുകളിലെത്തി. ഹയർ സെക്കൻ്ററി തുല്യതാ എട്ടാം ബാച്ച് പഠിതാവാണ് ഈ മുത്തച്ഛൻ. പഠിക്കുന്ന സ്കൂളിൽത്തന്നെയാണ് പരീക്ഷയും. ആദ്യ ദിനം പരീക്ഷ കഴിഞ്ഞിറങ്ങിയ ഗോപിദാസിനെ എച്ച്.സലാം എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു.