സംസ്ഥാനത്തെ സ്കൂൾ സിലബസിൽ കുറവ് വരുത്തുന്നത് വിദഗ്ധരുമായി ആലോചിച്ച് മാത്രമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ പഠനഭാരം കുറയ്ക്കണമെന്ന നിർദേശം നടപ്പാക്കുമ്പോൾ ഉള്ളടക്കത്തിൽ യാതൊരു കോട്ടവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായ സാഹചര്യത്തിൽ ഇത്തവണയല്ല അടുത്തവർഷം പരിഷ്കരണത്തെക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പഠനം ലളിതമാക്കണം. കുട്ടികൾക്ക് ഭാരമാവാതെയുള്ള പരിഷ്കരണത്തെക്കുറിച്ചാണ് ആലോചിക്കുന്നത്. അന്തിമ തീരുമാനം വിദഗ്ധരുടെ അഭിപ്രായം തേടി മാത്രമായിരിക്കും. അതിന് ശേഷം മാത്രം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പത്ത് വർഷം വരെ ഒരേ പാഠപുസ്തകം പഠിപ്പിക്കുന്ന രീതി ഒഴിവാക്കി കാലോചിത പരിഷ്കരണം കൊണ്ടുവരും. ഇത് കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തും.
പഠനഭാരവും പുസ്തക ഭാരവും ഒരുപോലെ കുറയ്ക്കുന്നത് വേഗത്തിലായാൽ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വിശദമായ ചർച്ചയും വിലയിരുത്തലും വേണമെന്നാണ് അഭിപ്രായം. വെറുതെയൊരു തീരുമാനമെടുക്കാനാവില്ല. ഈ സാഹചര്യത്തിൽ പാഠ്യപദ്ധതി പരിഷ്കരണം മാത്രമല്ല അത് ഫലപ്രദമായി നടപ്പാക്കുന്നതും വിദ്യാഭ്യാസ വകുപ്പിന് മുന്നിലെ കടമ്പയാണ്.