സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ, ഇടുക്കി, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി ബാധകമായിരിക്കും.
കണ്ണൂരിൽ അര്‍ധ രാത്രിക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് വ്യാപക മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ടും അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ടായിരിക്കും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരള തീരത്തുനിന്ന് കടലിൽ പോകുന്നതിന് പൂർണ്ണവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.