scholarship-distribution

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

TOPICS COVERED

ഡോ.രവി പിള്ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അക്കാദമിക് എക്സലന്‍‌സ് സ്കോളര്‍ഷിപ്പുകള്‍ ഈമാസം 11ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിതരണം ചെയ്യും. 10 കോടി രൂപയുടെ സ്കോളർഷിപ്പുകളാണ് ഈ വര്‍ഷം വിതരണം ചെയ്യുന്നത്. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലാണ് ചടങ്ങ്. സെക്കന്‍ഡറി  സ്കൂള്‍ തലം മുതൽ പ്രഫഷണൽ കോളേജ് തലം വരെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മിടുക്കരായ വിദ്യാർത്ഥികൾക്കാണ് ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് നല്‍കുന്നത്. 

ഓരോ വർഷവും 1501 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഡോ.രവി പിള്ള ഫൗണ്ടേഷൻ ഇതിനായി അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഹയർസെക്കൻഡറി തലത്തിൽ  1100 വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതമാണ് സ്കോളർഷിപ്പ്. 1,00,000 രൂപ വീതമാണ് ബിരുദ വിദ്യാർത്ഥികൾക്കുള്ള  സ്കോളർഷിപ്പ്.  ഇത് 200 പേർക്ക് ലഭിക്കും. പിജി വിദ്യാർത്ഥികൾക്ക് 1,25,000 രൂപയാണ് സ്കോളർഷിപ്പ്. ഈ വിഭാഗത്തിലും 200 പേർക്ക് ആനുകൂല്യം ലഭിക്കും. ഹയർ സെക്കൻഡറി വിഭാഗം സ്കോളർഷിപ്പിന് പ്ളസ് വൺ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബിരുദ വിഭാഗത്തില്‍ ഒന്നു രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾക്ക്  അപേക്ഷിക്കാം. പിജി സ്കോളർഷിപ്പിന് രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് (റെഗുലർ മോഡ്) മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

രക്ഷിതാക്കൾ നഷ്ടപ്പെട്ട  വിദ്യാർത്ഥികൾക്കും രോഗബാധിതരായ രക്ഷിതാക്കളുള്ള വിദ്യാർത്ഥികൾക്കും സംസ്ഥാനതലത്തിൽ കലാ-കായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും പ്രത്യേക ഗ്രേസ് മാർക്ക് ലഭിക്കും.  ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളർഷിപ്പുകൾ പ്രവാസി മലയാളികളുടെ മക്കൾക്കും 5 ശതമാനം ഭിന്നശേഷിക്കാർക്കുമായി മാറ്റി വച്ചിട്ടുണ്ട്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ പഠന മികവുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 

വിദ്യാര്‍ഥികളുടെ ഭാവി ഭദ്രമായാല്‍ രാജ്യത്തിന്‍റെ ഭാവി ഭദ്രമാകും എന്ന ചിന്തയില്‍ നിന്നാണ് സ്കോളര്‍ഷിപ് എന്ന ആശയം രൂപപ്പെട്ടതെന്ന് ആര്‍.പി.ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.രവി പിള്ള പറഞ്ഞു. സംസ്ഥാന സർക്കാരിന് കീഴിലുള്ള നോർക്ക റൂട്ട്സുമായി ചേർന്നാണ് ഡോ.രവി പിള്ള ഫൗണ്ടേഷൻ പദ്ധതി നടപ്പാക്കുന്നത്.ഇത്തവണ ലഭിച്ച ആയിരക്കണക്കിന് അപേക്ഷകളില്‍ നിന്ന് നോർക്ക റൂട്ട്സിന്‍റെ പ്രത്യേക കമ്മിറ്റിയാണ് അർഹരായ 1501 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.

ENGLISH SUMMARY:

Dr. Ravi Pillai Foundation Scholarship will be distributed by the Chief Minister on the 11th of this month. This initiative aims to support academically bright and financially needy students from secondary school to professional college levels.