പത്താം ക്ലാസ് വിദ്യാർഥിയെ കുത്തി വീഴ്ത്തി സഹപാഠികള്‍. ഭോപ്പാലിലാണ് നടുക്കുന്ന ക്രൂരത. ഒരു സ്നൂക്കർ ക്ലബ്ബിനുള്ളിലാണ് സംഭവം. 30 സെക്കൻഡിനിടെ 27 തവണയാണ് കുത്തേറ്റത്. സിനിമാ സ്റ്റൈലിൽ ക്ലബ്ബിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ വിദ്യാര്‍ഥിയെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഫെബ്രുവരി 15-ന് രാത്രി ഗണേഷ് ചൗക്കിലെ ക്ലബ്ബിലാണ് സംഭവം നടന്നത്. പൂൾ ഗെയിമിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് അതേ കോച്ചിംഗ് സെന്ററിലെ വിദ്യാർഥികളായ രണ്ടുപേരാണ് സഹപാഠിയെ വളഞ്ഞിട്ട് ആക്രമിച്ചത്. നിമിഷങ്ങൾക്കുള്ളിൽ കത്തിയും കഠാരയും ഉപയോഗിച്ച് 27 തവണയാണ് പത്താം ക്ലാസുകാരന്‍റെ ശരീരത്തിൽ ഇവർ മുറിവുകളുണ്ടാക്കിയത്. ഇരയുടെ ഒരു കൈത്തണ്ടയിൽ മാത്രം പത്തിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്, രണ്ട് വിരലുകൾ അറ്റുപോയി. തോളിലും പുറകിലും ഗുരുതരമായി പരുക്കേറ്റിട്ടും അദ്ഭുതകരമായാണ് 16-കാരൻ രക്ഷപ്പെട്ടത്. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മുൻപ് നടന്ന ഒരു തർക്കത്തിനിടെ ഈ വിദ്യര്‍ഥി മർദിച്ചതിലുള്ള പക പോക്കാനാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. എന്നാൽ സംഭവത്തിൽ പൊലീസിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മാരകമായ ആക്രമണം നടത്തിയിട്ടും പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചതാണ് ജനരോഷത്തിന് കാരണമായത്. മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തുകയുള്ളൂ എന്നാണ് പൊലീസ് വിശദീകരണം. സ്വന്തം സഹപാഠിയെ കൊലപ്പെടുത്താൻ ശ്രമിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്ന കൗമാരക്കാരുടെ ക്രിമിനൽ സ്വഭാവം മാതാപിതാക്കളെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു.