AI Generated Image
അമേരിക്കയിൽ ഇന്ത്യൻ യുവാവിന് നേരെ ക്രൂരമായ വംശീയാധിക്ഷേപവും ആക്രമണവും. യൂട്ടയിലെ ഷോപ്പിംഗ് മാളിലെ ജീവനക്കാരനായ സഹൈൽ എന്ന യുവാവിനെയാണ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചത്. 15-ലധികം തവണ കുത്തേറ്റ യുവാവ് നിലവില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 48 കാരനായ പീറ്റർ മൈക്കൽ ലാർസൻ എന്ന അമേരിക്കൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.
സഹൈല്‍ ജോലി ചെയ്യുന്ന ഷോപ്പിങ് മാളിലെ ജ്വല്ലറി ഷോറൂമിലെത്തി വെള്ളം ചോദിക്കുകയായിരുന്നു പ്രതി. സഹൈല്‍ വെള്ളം കൊടുക്കാന്‍ ശ്രമിക്കവെ മതം എതാണ്, നാട് എവിടെയാണ് എന്ന് ചോദിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. പ്രതി മതവിശ്വാസം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും, കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് നിരവധി തവണ കുത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ ഇടപെട്ട് പ്രതിയെ തടഞ്ഞതിനെ തുടർന്നാണ് കൂടുതൽ അപകടം ഒഴിവായത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 15-ലധികം കുത്തുകളേറ്റതിനാലും ദീർഘകാല ചികിത്സ ആവശ്യമായതിനാലും ചികിത്സയ്ക്കായി ‘ഗോ ഫണ്ട് മീ’ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ സമൂഹവും വിവിധ മനുഷ്യാവകാശ സംഘടനകളും സംഭവത്തെ ശക്തമായി അപലപിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.