അബദ്ധത്തിൽ ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ യുവാവിന് ദാരുണാന്ത്യം. 34-കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രായപൂർത്തിയാകാത്ത അഞ്ചുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിലാണ് നാടിനെ നടുക്കിയ കൊലപാതം.
ഒരാൾ കുത്തേറ്റു ബോധമില്ലാതെ കിടക്കുന്നു എന്ന വിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നെഞ്ചിലും വയറിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഉധം സിങ് പാർക്ക് സ്വദേശിയായ ബൻസി ലാൽ ആണ് കൊല്ലപ്പെട്ടത്. പഴയ ഡൽഹിയിലെ ലാലാ ലജ്പത് റായ് മാർക്കറ്റിലെ ഒരു സിസിടിവി കടയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
പൊലീസ് അന്വേഷണപ്രകാരം, കനാൽ പരിസരത്തെ ചെളി നിറഞ്ഞ വഴിയിലൂടെ നടന്നുപോവുകയായിരുന്ന ബൻസി ലാലിന്‍റെ കാലിൽ നിന്ന് അബദ്ധത്തിൽ അവിടെയുണ്ടായിരുന്ന ആൺകുട്ടികളുടെ മേൽ ചെളി തെറിക്കുകയായിരുന്നു. ഇത് പിന്നീട് കടുത്ത വാക്കേറ്റത്തിൽ കലാശിക്കുകയും, കുട്ടികളിലൊരാൾ കത്തിയെടുത്ത് ബൻസി ലാലിനെ മാരകമായി കുത്തുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് ഇയാളെ മർദ്ദിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
ആദ്യം ദൃക്‌സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളും പ്രാദേശിക വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത അശോക് വിഹാർ പൊലീസ്, അന്വേഷണം തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ അഞ്ച് കുട്ടികളെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.