ഡെങ്കിപ്പനി പടർന്നതിനെ തുടർന്ന് അടച്ച കാര്യവട്ടം ക്യാംപസിൽ മാലിന്യ കൂമ്പാരം. വിദ്യാർഥിനികളുടെ ഹോസ്റ്റലിന്റെ പിൻഭാഗത്താണ് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യ സംസ്കരണത്തിന് സംവിധാനം ഇല്ലാത്തതും പ്രതിസന്ധിയാണ്. ഡെങ്കിപ്പനി പടർന്നു പിടിച്ച കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റലുകളുടെ പിൻഭാഗത്തെല്ലാം മാലിന്യ കൂന. പ്ലാസ്റ്റിക് അടക്കം കാലങ്ങളായുള്ള മാലിന്യങ്ങളെല്ലാം കൂട്ടിയിട്ടിരിക്കുന്നു.
സെപ്റ്റിക് ടാങ്കിന്റെ സ്ളാബ് ഇളകി മാറിയ നിലയിൽ, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എല്ലാം കൊതുകുകൾ പെരുകുന്നു. പരിശോധനക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഈ കാഴ്ചകൾ എല്ലാം കണ്ടു ഞെട്ടി. ഇതാണ് അവസ്ഥയെങ്കിൽ ഡെങ്കിപ്പനി പടർന്നു പിടിക്കാതിരിക്കുന്നതെങ്ങനെ. മാലിന്യ കൂന നീക്കണമെന്ന് വിദ്യാർഥികളും ജനപ്രതിനിധികളും എല്ലാം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു.
200 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന കാര്യവട്ടം ക്യാപസിൽ ഏഴ് ഹോസ്റ്റലുകളിലായി നൂറുകണക്കിനു വിദ്യാർഥികളാണ് താമസിച്ചു പഠിക്കുന്നത്. കൂടാതെ, കാപസിനുള്ളിലെ ക്വാർട്ടേഴ്സുകളിലും ഫ്ലാറ്റുകളിലുമായി ഒട്ടേറെ ജീവനക്കാർ കുടുംബസമേതം താമസിക്കുന്നുണ്ട്.
കാര്യവട്ടം ക്യാപസിൽ ഒരാഴ്ചയ്ക്കുള്ളിൽ 13 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. അവധിക്ക് വീട്ടിൽ പോയവരടക്കം 10 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ട്. ഇതേത്തുടർന്നാണ്
മൂന്നുദിവസത്തേക്ക് ഹോസ്റ്റലുകൾ അടച്ച് ക്ലാസുകൾ ഓൺലൈൻ ആക്കിയത്.