സൈനിക താവളങ്ങളില്‍ ക്ഷേത്രവും ക്രിസ്ത്യന്‍ പള്ളിയും മസ്ജിദും ഗുരുദ്വാരയുമൊക്കെ ഉണ്ടാകുന്നത് പതിവാണ്. തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് പാളയത്ത് മുഖാമുഖം നോക്കി നില്‍ക്കുന്ന ക്രിസ്ത്യന്‍ പള്ളിയും മസ്ജിദും മഹാഗണപതി ക്ഷേത്രവും മതമൈത്രിയുടെ കാഴ്ചയാണെങ്കില്‍ സമാനമായ മറ്റൊരു ഇടമാണ് തൈക്കാട്ടെ പി.ടി.സി എന്ന് അറിയപ്പെടുന്ന പൊലീസ് ട്രെയിനിങ് കോളജ്. പി.ടി.സിയില്‍ ഹനുമാന്‍ ക്ഷേത്രവും ജുമാമസ്ജിദുമാണ് മുഖാമുഖം നോക്കി നില്‍ക്കുന്നത്.
രണ്ടുനേരവും പൂജയുള്ള ക്ഷേത്രമാണ് ഇവിടെയുള്ളത്. അഞ്ചടി ഉയരമുള്ള ഹനുമാന്‍ വിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. എല്ലാ ക്ഷേത്രങ്ങളിലുമില്ലാത്ത നവഗ്രഹ പ്രതിഷ്ഠകളും ഇവിടെയുണ്ട്. 1882 ലാണ് തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിങ് സ്കൂള്‍ തുടങ്ങുന്നത്. 1940കളോടെയാണ് തൈക്കാട്ടേക്ക് മാറുന്നത്. ഈ പ്രദേശത്ത് അന്നൊരു കാവ് ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. അവിടെ ചന്ദനത്തടിയില്‍ തീര്‍ത്ത ഒരു ഹനുമാന്‍ വിഗ്രഹമുണ്ടായിരുന്നു. അതാണ് പിന്നീട് ക്ഷേത്രനിര്‍മാണത്തിന് വഴിതുറന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദനത്തടി വിഗ്രഹത്തിന് ചെറിയ കേടുപാട് വന്നതോടെ ദേവപ്രശ്നം വച്ച് പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നു. പഴയ ചന്ദനത്തടി വിഗ്രഹം ട്രെയിനിങ് കോളജിനുള്ളില്‍ തന്നെയുള്ള കിണറ്റില്‍ ദേവപ്രശ്നത്തില്‍ തെളിഞ്ഞത് പോലെ മൂടിയെന്നാണ് ക്ഷേത്ര പൂജാരി സന്തോഷ് പറയുന്നത്.
ഇസ്‍ലാം മത വിശ്വാസികള്‍ക്കായി പി.ടി.സിയിലുള്ള മസ്ജിദിലാണ് മഹാനടന്‍ മമ്മൂട്ടിയും എം.എ.യൂസഫലിയുമൊക്കെ തലസ്ഥാനത്തുള്ളപ്പോള്‍ നിസ്കാരത്തിന് എത്തുന്നതെന്ന് പി.ടി.സിയുടെ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി പറയുന്നു. ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും രക്ഷാധാരി പി.ടി.സി പ്രിന്‍സിപ്പലാണെന്നും ആ പദവികള്‍ വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മുഹമ്മദ് ഷാഫി പറഞ്ഞു.