ശ്രീകാര്യം അഭിരാം കൊലക്കേസില്‍ നിര്‍ണായക തെളിവുകളായ ബെല്‍റ്റും മൊബൈല്‍ ഫോണും വസ്ത്രങ്ങളും ഒടുവില്‍ കണ്ടെടുത്തു. കൊല നടന്ന കാട്ടിന് സമീപത്തെ കിണറ്റില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലാണ് ഇവ ലഭിച്ചത്. രണ്ടാം പ്രതിയായ ഉമറുമായുള്ള തെളിവെടുപ്പിലാണ് കൊല നടന്നതിന്റെ പതിനെട്ടാം ദിവസം തെളിവുകള്‍ ലഭിക്കുന്നത്.
അഭിരാമിന്റെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താനുപയോഗിച്ച ബെല്‍റ്റ്, ആനന്ദയെന്ന വ്യാജേന അഭിരാമിനെ ചാറ്റ് ചെയ്ത് കൊല്ലാനായി വിളിച്ചുവരുത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, അഭിരാം അവസാനമായി ധരിച്ച വസ്ത്രങ്ങളും വെള്ളിമാലയും. ഇവയാണ് കൊല നടന്ന സ്ഥലത്ത് നിന്ന് കുറച്ച് മാറിയുള്ള കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതിയായ ഉമറും ഇവ കാട്ടിലുപേക്ഷിച്ചെന്നും തോട്ടില്‍ കളഞ്ഞെന്നും മാറിമാറി പറഞ്ഞ് പൊലീസിനെ വട്ടംകറക്കുകയായിരുന്നു. ഇവ ലഭിച്ചില്ലായിരുന്നെങ്കില്‍ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ദുര്‍ബലമാകുമായിരുന്നു. കുടുംബത്തിന്റെ ആശങ്കയും അതായിരുന്നു.
ആദ്യഘട്ടത്തില്‍ കള്ളം പറഞ്ഞ് അന്വേഷണം വഴിതെറ്റിച്ച പ്രതികളെ ഇന്നലെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് തെളിവുകള്‍ ഉപേക്ഷിച്ച സ്ഥലം തുറന്ന് പറഞ്ഞത്. ഉമറുമായി ഇന്ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും ഫയര്‍ ഫോഴ്സ് സ്കൂബാ സംഘത്തെ ഉപയോഗിച്ച് കിണറ്റിലിറങ്ങി പരിശോധിക്കുകയും ചെയ്തു. ആഴത്തില്‍ വെള്ളമുള്ള കിണറ്റില്‍ പൊങ്ങിവരാതിരിക്കാനായി കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൊബൈലും ബെല്‍റ്റുമെല്ലാം.
കൊലയ്ക്ക് ശേഷം ഒന്നാം പ്രതിയായ പതിനേഴുകാരനാണ് ഇവ കിണറ്റില്‍ ഉപേക്ഷിച്ചതെന്നാണ് ഉമറിന്റെ മൊഴി. തെളിവുകള്‍ ശാസ്ത്രീയപരിശോധനക്ക് അയക്കുന്നതോടെ കൊലയില്‍ പതിനേഴുകാരന്റെയും ഉമറിന്റെയും പങ്കിന് തെളിവാകുമെന്നാണ് പൊലീസിന്റെ വിശ്വാസം.