ശാന്തമായ ആറും മലനിരകളും കാടും പരന്നുകിടക്കുന്ന കടലും ഒത്തിണങ്ങുന്ന സൗന്ദര്യം മാത്രമല്ല മനുഷ്യജീവിതത്തിനുതകുന്ന എല്ലാ സൗകര്യങ്ങളുമുള്ള നഗരമാണ് തിരുവനന്തപുരമെന്നാണ് നംബിയോയുടെ കണക്കുകള്‍. 2026ലെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് മെട്രോ നഗരങ്ങളെപ്പോലും പിന്തള്ളുന്ന തലസ്ഥാന നഗരത്തിന്റെ നേട്ടങ്ങളുടെ വിവരങ്ങളുള്ളത്. 121.5 ആണ് നഗരത്തിന്റെ ജീവിതനിലവാര സ്കോര്‍. മികച്ച അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യമേഖലയും വൃത്തിയും സുരക്ഷിതത്വവും മിതമായ ചിലവും ഒത്തുചേരുന്ന ഈ നഗരം ജീവിതത്തിന് മികച്ച സന്തുലനാവസ്ഥ ഒരുക്കുന്നെന്നാണ് കണക്കുകള്‍.
നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ ടെക്നോപാര്ക്കിലേക്കോ മാളുകളിലേക്കോ ആശുപത്രികളിലേക്കോ ഒക്കെ വെറും 30 മിനിറ്റില്‍ എത്താവുന്ന അപൂര്‍വം നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം. ഇത്തരം അടിസ്ഥാന സൗകര്യങ്ങളാണ് സൂചികയില്‍ തിരുവനന്തപുരത്തെ മുന്നിലെത്തിക്കുന്നത്. ആരോഗ്യമേഖലയിലെ മികവാണ് നഗരത്തിന്റെ മറ്റൊരു കരുത്ത്. നംബിയോയുടെ ഹെല്‍ത്ത് കെയര്‍ സൂചികയില്‍ 63.4 സ്കോര്‍ നേടി ഉയര്‍ന്ന വിഭാഗത്തിലാണ് തിരുവനന്തപുരം.
തിരുവനന്തപുരത്ത് ജീവിക്കാന്‍ ജീവിതച്ചിലവ് കുറവാണെന്ന് നംബിയോയുടെ കണക്കുകള്‍ പറയുന്നു. തിരുവനന്തപുരത്തിന്റെ കോസ്റ്റ് ഓഫ് ലിവിങ് ഇന്‍ഡക്സ് 18.1 മാത്രമാണ്. ഇത് മുംബൈയുടെയും (25.8) ഡല്‍ഹിയുടെയും (22.5) ജീവിതച്ചെലവിനേക്കാള്‍ ഏറെ കുറവാണ്. നാലുപേരടങ്ങുന്ന കുടുംബത്തിന് പ്രതിമാസം ഏകദേശം 77,539 രൂപയോളം മാത്രമേ ചെലവാകൂ എന്നാണ് നംബിയോയുടെ കണക്കുകള്‍.
പല അനുകൂല ഘടങ്ങള്ക്കിടയിലും നഗരത്തിന് വെല്ലുവിളിയാകുന്നത് വരുമാനശേഷിയാണ്. പ്രാദേശിക വേതനം താരതമ്യേന കുറവായതിനാല്‍ പര്‍ച്ചേസിങ് പവര്‍ ഇന്‍ഡക്സ് 47.5 എന്ന നിലയില്‍ വളരെ താഴ്ന്ന വിഭാഗത്തിലാണ് തിരുവനന്തപുരം. പ്രോപ്പര്‍ട്ടി പ്രൈസ് ടു ഇന്‍കം അനുപാതമാകട്ടെ 12.9 മാത്രം. സ്വന്തമായി ഒരു വീട് വാങ്ങുന്നത് സാധാരണക്കാര്‍ക്ക് ഇപ്പോഴും വലിയ സാമ്പത്തിക ബാധ്യത തന്നെയെന്ന് കണക്കുകള്‍ പറയുന്നു. എങ്കിലും വലിയ മെട്രോ നഗരങ്ങളുടെ തിരക്കുകളില്‍ നിന്നും ഉയര്‍ന്ന ചെലവുകളില്‍ നിന്നും മാറി സമാധനത്തോടെ സുരക്ഷിതമായി ജീവിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് തിരുവന്തപുരം മികച്ച തെരഞ്ഞെടുപ്പ് തന്നെയെന്ന് അടിവരയിടുകയാണ് കണക്കുകള്‍.