chala-gold-robbery-conspiracy-jayaram

തിരുവനന്തപുരം ചാല കവർച്ചയുടെ ഗൂഢാലോചന നടന്നത് പനവിളയിലെ ആഡംബര ഹോട്ടലിലാണെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഒരു മാസം മുൻപാണ് കവർച്ചയ്ക്കുള്ള ഗൂഢാലോചന ആരംഭിച്ചത്. ഹോട്ടലിൽ നടന്ന യോഗത്തിൽ ജയറാം, അമോൽ, ദിലീപ്, അനൂപ് എന്നിവർ പങ്കെടുത്തിരുന്നതായും പൊലീസ് കണ്ടെത്തി.

കവർച്ചയുടെ പ്രധാന ആസൂത്രകൻ ജയറാമാണെന്ന് കൂട്ടുപ്രതികളായ അനൂപും അമൂലും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എല്ലാം ചെയ്തത് ജയറാമിന്റെ നിർദേശപ്രകാരമാണെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, അനിലിന് ബാങ്ക് വഴി നാല് ലക്ഷം രൂപ കൈമാറിയതിന്റെ നിർണ്ണായക തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

എന്നാൽ തനിക്ക് കവർച്ചയിൽ പങ്കില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജയറാം. സ്വർണ്ണ വ്യാപാര രംഗത്തുള്ളതുകൊണ്ട് മാത്രമാണ് പ്രതികളിൽ ചിലരെ പരിചയമുള്ളതെന്നും കവർച്ച ആസൂത്രണം ചെയ്യുകയോ, അതിനായി നിർദേശം നൽകുകയോ ചെയ്തിട്ടില്ലെന്നും ജയറാം പൊലീസിനോട് പറഞ്ഞു. എന്നാൽ, ജയറാമിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചതിനാൽ പൊലീസ് ഈ വാദങ്ങൾ പൂർണ്ണമായും തള്ളിയിരിക്കുകയാണ്. ജയറാമിന്റെ പങ്കാളിത്തത്തിന്റെ പൂർണമായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.

ALSO READ: ചാല സ്വർണ്ണക്കവർച്ച; ‘ഇനി സ്വർണ്ണമില്ലെന്ന്’ പ്രതികൾ; പങ്കില്ലെന്ന വാദത്തിൽ ഉറച്ച് ജ്വല്ലറി ഉടമയും ...

മാളവിക ജ്വല്ലറി ഉടമ ജയറാമിനും സ്വർണ്ണ ഏജന്റായ അമൂലിനും നന്ദകുമാറിനോടുള്ള ബിസിനസ് പകയാണ് വൻ കവർച്ചയ്ക്ക് വഴിവെച്ചത്. ദിവസങ്ങളോളം ആസൂത്രണം ചെയ്ത പ്രതികൾ രണ്ടുദിവസത്തെ ട്രയൽ നടത്തിയ ശേഷമാണ് വ്യാഴാഴ്ച സ്വർണ്ണം കവർന്നത്. എന്നാല്‍ സ്വർണ്ണം കവർച്ച ചെയ്യാൻ പ്രതികളായ അനൂപും അനിലും ഉപയോഗിച്ച പുതിയ മോഡൽ ബൈക്ക് ആണ് സംഘത്തെ കുടുക്കിയത്.

കേസില്‍ പ്രതികളെ ഇന്ന് കവർച്ച നടന്ന ചാലയിലെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. കൂടാതെ, ഇന്നലെ രാത്രി വയനാട് കൽപ്പറ്റയിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയ മറ്റൊരു പ്രതിയായ ശ്രാവണിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ബാക്കി സ്വർണ്ണം കണ്ടെത്തുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും.

ENGLISH SUMMARY:

Investigators have discovered that the conspiracy for the Thiruvananthapuram Chala gold robbery was hatched a month ago at a luxury hotel in Panavila, attended by Jayaram, Amol, Dileep, and Anoop. Co-accused Anoop and Amol have confessed to the police that Malavika Jewellery owner Jayaram was the main mastermind who orchestrated the heist out of business rivalry against victim Nandakumar. While Jayaram continues to deny any involvement, but police have dismissed his claims.