chala-gold-robbery-accused

തിരുവനന്തപുരം, ചാല സ്വർണ്ണക്കവർച്ച കേസിൽ പിടിയിലായ പ്രതികളെ പൊലീസ് അർദ്ധരാത്രിയിലും വിശദമായി ചോദ്യം ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ച പ്രതികളിൽ നിന്നും കവർച്ച ചെയ്യപ്പെട്ട ബാക്കി സ്വർണ്ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ പൊലീസ് പിടിച്ചെടുത്ത അത്രയും സ്വർണ്ണം മാത്രമേ തങ്ങൾ കവർന്നിട്ടുള്ളൂ എന്നും രണ്ട് കിലോ സ്വർണ്ണം ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

പ്രതികളുടെ മൊഴി

കണക്കിൽപ്പെടാത്ത സ്വർണ്ണമായതിനാൽ പരാതിക്കാരനായ നന്ദകുമാർ സംഭവത്തില്‍ പൊലീസിനെ സമീപിക്കില്ലെന്നായിരുന്നു തങ്ങളുടെ കണക്കുകൂട്ടലെന്ന് പ്രതികൾ പറഞ്ഞു. എന്നാൽ, കവർച്ച നടന്ന രാത്രി വെപ്രാളത്തിൽ സ്കൂട്ടറിൽ പാഞ്ഞുപോയ നന്ദകുമാർ പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്തിയതാണ് തങ്ങളെ കുടുക്കിയതെന്നും ഇവർ മൊഴി നൽകി. നന്ദകുമാറിന്റെ ബിസിനസ് തങ്ങൾക്ക് വലിയ തിരിച്ചടിയായതാണ് കവർച്ചയ്ക്ക് പ്രേരിപ്പിച്ചതെന്നും പ്രതികളിലൊരാളായ അമൂൽ പൊലീസിനോട് സമ്മതിച്ചു.

അതേസമയം, കവർച്ചയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മാളവിക ജ്വല്ലറി ഉടമ ജയറാം. സ്വർണ്ണ വ്യാപാര രംഗത്തുള്ളതുകൊണ്ട് മാത്രമാണ് പ്രതികളിൽ ചിലരെ പരിചയമുള്ളതെന്നും കവർച്ച ആസൂത്രണം ചെയ്യുകയോ, അതിനായി നിർദേശം നൽകുകയോ ചെയ്തിട്ടില്ലെന്നും ജയറാം പൊലീസിനോട് പറഞ്ഞു. എന്നാൽ, ജയറാമിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചതിനാൽ പൊലീസ് ഈ വാദങ്ങൾ പൂർണ്ണമായും തള്ളിയിരിക്കുകയാണ്.

കേസില്‍ പ്രതികളെ ഇന്ന് കവർച്ച നടന്ന ചാലയിലെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. കൂടാതെ, ഇന്നലെ രാത്രി വയനാട് കൽപ്പറ്റയിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയ മറ്റൊരു പ്രതിയായ ശ്രാവണിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ബാക്കി സ്വർണ്ണം കണ്ടെത്തുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും.

മാളവിക ജ്വല്ലറി ഉടമ ജയറാമിനും സ്വർണ്ണ ഏജന്റായ അമൂലിനും നന്ദകുമാറിനോടുള്ള ബിസിനസ് പകയാണ് വൻ കവർച്ചയ്ക്ക് വഴിവെച്ചത്. ദിവസങ്ങളോളം ആസൂത്രണം ചെയ്ത പ്രതികൾ രണ്ടുദിവസത്തെ ട്രയൽ നടത്തിയ ശേഷമാണ് വ്യാഴാഴ്ച സ്വർണ്ണം കവർന്നത്. എന്നാല്‍ സ്വർണ്ണം കവർച്ച ചെയ്യാൻ പ്രതികളായ അനൂപും അനിലും ഉപയോഗിച്ച പുതിയ മോഡൽ ബൈക്ക് ആണ് സംഘത്തെ കുടിക്കിയത്.

ENGLISH SUMMARY:

Thiruvananthapuram police conducted late-night interrogations of the accused in the Chala gold robbery case, during which the suspects claimed they did not steal two kilograms of gold and only took the quantity already recovered. The accused admitted they targeted victim Nandakumar out of business rivalry, assuming he would not report the theft of unaccounted gold to the police. While Malavika Jewellery owner Jayaram continues to deny his involvement, investigators have dismissed his claims citing crucial evidence against him.