വയനാട്ടില്‍ നിന്നും അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍
സ്വര്‍ണ കവര്‍ച്ചാ കേസിലെ പ്രതി ശ്രാവണ്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ ഓടിരക്ഷപ്പെട്ടയാളാണ് ശ്രാവണ്‍. കല്പറ്റ സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. കവര്‍ച്ചാസംഘത്തിന് വിവരം ചോര്‍ത്തി നല്കിയ ആളാണ് ശ്രാവണ്‍. അതേസമയം, വയനാട്ടില്‍ അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു.
കാറില്‍ സഞ്ചരിക്കുകയായിരുന്നു അഞ്ചു പേരെയാണ് പൊലീസ് പിടികൂടാനെത്തിയത്. എന്നാല്‍ നാലുപേരെ മാത്രമാണ് പൊലീസിന് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത്. ഇതില്‍ ഒരാളെ പൊലീസ് നിരപരാധി എന്ന് കണ്ട് വിട്ടയച്ചിരുന്നു. ഇക്കൂട്ടത്തില്‍ നിന്നും ഓടിരക്ഷപ്പെട്ടയാളാണ് ശ്രാവൺ. കൽപ്പറ്റയ്ക്ക് പുറത്തേക്കോ വയനാടിന് പുറത്തേക്കോ പോകാൻ സാധിക്കാതെ വന്നതോടെയാണ് ശ്രാവണ്‍ കൽപ്പറ്റയിൽ കീഴടങ്ങിയത്. വൈകാതെ ശ്രാവണിനെയും തിരുവനന്തപുരത്തേക്ക് എത്തിക്കും.
വയനാട്ടിൽ നിന്ന് പിടികൂടിയ മൂന്ന് പ്രതികളെയും ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. അനൂപ്, അനില്‍, വിനോദ് ആന്റണി ഇങ്ങനെ മൂന്ന് പ്രതികളാണ് വയനാട്ടില്‍ നിന്നും പിടികൂടിയത്. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. ഇവര്‍ക്കൊപ്പം ഇന്നു തിരുവനന്തപുരത്ത് നിന്ന് അറസ്റ്റിലായി ജയറാമിനെയും കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത് കവര്‍ച്ച ചെയ്ത സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.