ചാല സ്വർണ കവർച്ചയിൽ മാളവിക ജ്വല്ലറി ഉടമ ജയറാം അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അന്വേഷണസംഘം ജയറാമിനെ അറസ്റ്റ് ചെയ്തത്. ജയറാമാണ് മോഷണത്തിന്റെ ഗൂഢാലോചന കേന്ദ്രം എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തമിഴ്നാട് സ്വദേശിയും ഏറെക്കാലമായി ചാലയിൽ സ്വർണ വ്യാപാരിയും ആണ് ജയറാം.
Also Read: ബിസിനസ് ഇടപാട് കണ്ട് അസൂയ; സാമ്പത്തികമായി തകർക്കാൻ അയൽക്കാരന്റെ കവർച്ചാ തിരക്കഥ
ബിസിനസ് കുടിപ്പകയുടെ ഭാഗമായിട്ടാണ് മോഷണം നടന്നത്. ഇതിനു നേതൃത്വം കൊടുത്തതും ആസൂത്രണം ചെയ്തതും മഹാരാഷ്ട്ര സ്വദേശി അമൂൽ ആണ്. ഇതിന് അമൂലിനെ പ്രേരിപ്പിച്ചത് ജയറാം ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബിസിനസില്‍ നന്ദകുമാര്‍ വളർന്നു പോകുന്ന സാഹചര്യത്തിൽ പണി കൊടുക്കണമെന്ന് ജയറാം ഉറപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ജയറാമിന് കൃത്യമായ ആലോചന ഉണ്ടായിരുന്നു എന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കേസില്‍ ആറു പ്രതികളുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്ത് എത്തിച്ചു കഴിഞ്ഞ് രാത്രി തന്നെ കോടതിയിൽ ഹാജരാക്കി സ്വർണം കണ്ടെത്തുന്നതിന് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. കവര്‍ച്ച നടന്ന് 48 മണിക്കൂറിനകമാണ് പ്രതികളെ കേരള പൊലീസ് പിടികൂടിയത്. അഞ്ചുപേര്‍ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു വളഞ്ഞ് പൊലീസിന്റെ പിടികൂടല്‍. അറസ്റ്റിലായവരില്‍ നിന്നും ഇതുവരെ 450 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.