ചാല സ്വർണ്ണക്കവർച്ച കേസിൽ മാളവിക ജ്വല്ലറി ഉടമ നന്ദകുമാര് പൊലീസ് പിടിയിൽ. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്ന സംഭവത്തിൽ, തൊട്ടടുത്തുള്ള മാളവിക ജ്വല്ലറിയുടെ ഉടമ ജയറാമിനെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബിസിനസ് രംഗത്തെ കടുത്ത കുടിപ്പകയും വളർച്ചയിലുള്ള അസൂയയുമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മുഖ്യസൂത്രധാരനായ സ്വർണ്ണ ഏജന്റ് അമൂലുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളും ആശയവിനിമയങ്ങളും ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബിസിനസ് സാമ്രാജ്യം സാമ്പത്തികമായി തകർക്കുകയെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് ഈ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. നന്ദകുമാറിന്റെ സ്ഥാപനത്തിൽ ദിവസവും കോടികളുടെ ഇടപാടുകൾ നടന്നിരുന്നു. ഇതിന് കടിഞ്ഞാണിടാൻ ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ പ്രതികൾ സിനിമയെ വെല്ലുന്ന ആസൂത്രണമാണ് നടത്തിയത്.
ട്രയൽ നടത്തി മോഷണ സമയം ഉൾപ്പെടെ കൃത്യമായി ഉറപ്പിച്ചശേഷമായിരുന്നു കവർച്ച. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്. ഇതിന് മുൻപ് മുഖ്യസൂത്രധാരനായ സ്വർണ്ണ ഏജന്റ് അമൂൽ, സുഹൃത്ത് ദിലീപ് ഉൾപ്പെടെയുള്ളവരെ തിരുവനന്തപുരത്തു നിന്നും വയനാട്ടിൽ നിന്നുമായി പിടികൂടിയിരുന്നു.
പ്രധാന പ്രതിയായ അമൂലിന്റെ ഉടമസ്ഥതയിലുള്ള പഴയശാലയിലെ ആറ്റുകാൽ ഗോൾഡ് ആൻഡ് സിൽവർ ടെസ്റ്റിംഗ് സ്ഥാപനത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിവരികയാണ്. പഴയ സ്വർണ്ണം പരിശോധിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഈ സ്ഥാപനം കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. കവർച്ച നടന്ന ദിവസങ്ങളിലും അതിനുശേഷവും ജയറാമും അമൂലും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.