vd-satheeshan-lpst-protest
  • 21 ദിവസമായി നിരാഹാരം തുടരുന്ന സമര നേതാവ് വളർമതിയെ സർക്കാർ തീരുമാനം അറിയിച്ചു.

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീനുമായി ചര്‍ച്ച നടത്തും. ചര്‍ച്ച ഉണ്ടാകുമെന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമരക്കാരെ അറിയിച്ചു. ചികിത്സയിലുള്ള വളർമതിയെയാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയുടെ സമയം അറിയിച്ചിട്ടില്ല. 

സമരം നീണ്ടുപോകുന്നതോടെ മുഖ്യമന്ത്രി ഇടപെടണമെന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. ഇന്നു തന്നെ ചര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, ചര്‍ച്ച പ്രഖ്യാപിച്ചതുകൊണ്ട് നിരാഹാര സമരം പിന്‍വലിക്കില്ലെന്ന് വളര്‍മതി വ്യക്തമാക്കി. വിദ്യാര്‍ഥി– അധ്യാപക അനുപാതം 1:25 ആക്കാതെ നിരാഹാരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് വളര്‍മതിയുടെ നിലപാട്. ചര്‍ച്ച സ്വാഗതാര്‍ഹമെന്നും നീതിപൂര്‍വകമായ തീരുമാനം പ്രതീക്ഷിക്കുന്നെന്ന് സമരസമിതി പ്രതികരിച്ചു. തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും സമരസമിതി വ്യക്തമാക്കി. 

ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളര്‍മതിയുടെ നിരാഹാരം 21-ാം ദിവസത്തിലേക്ക് കടന്നിരുന്നു. ആരോഗ്യാവസ്ഥ ഗുരുതമാകുന്ന ഘട്ടത്തില്‍ മെഡിക്കല്‍ കോളജില്‍ നിന്നും മെഡിക്കല്‍ സംഘമെത്തി ഇന്ന് വളര്‍മതിയെ പരിശോധിക്കുകയും ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു. 

നിരാഹാരം തുടർന്നാൽ ജീവൻ അപകടത്തിലാകുമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ വളർമതിക്ക് മുന്നറിയിപ്പ് നൽകി. നിർജലീകരണം സംഭവിച്ച് ഞരമ്പുകൾ ചുരുങ്ങിയതിനാൽ ഡ്രിപ്പ് ഇടുന്നതിന് ബുദ്ധിമുട്ടുണ്ട്. രക്തത്തിലെ ഇലക്ട്രോലൈറ്റുകൾ തീരെ കുറഞ്ഞെന്നും ആർഎംഒ അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കണമെന്ന് ആശുപത്രി അധികൃതർ നിർദേശം നൽകിയെങ്കിലും വളർമതി തയ്യാറായില്ല. ഡിവിഷൻ ഫാൾ വരുന്ന എൽപി സ്കൂളുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:25 ആയി കുറച്ച് റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തണമെന്നാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം. സമരപ്പന്തലിൽ റാങ്ക് ഹോൾഡർ എം.ജയകൃഷ്ണനും നിരാഹാരം തുടരുകയാണ്. 

ENGLISH SUMMARY:

Kerala Chief Minister has intervened in the ongoing LPST rank holders' protest and announced plans to hold discussions with the Education Minister regarding their demands. The Chief Minister's office officially conveyed this development to strike leader Valarmathi, who is currently undergoing treatment at the General Hospital as her indefinite hunger strike enters its 21st day.