തിരുവല്ലയിൽ ഇത്തവണ വികസനം പറഞ്ഞ് വോട്ട് പിടിക്കാൻ എൽ.ഡി.എഫ്. ഔദ്യോഗിക പ്രഖ്യാപനം എത്തും മുമ്പേ അനൂപ് ആന്റണിക്കായി ബി.ജെ.പി ചുവരെഴുത്ത് തുടങ്ങി. ഇത്തവണയും കേരള കോൺഗ്രസിനെ കളത്തിലിറക്കാനാണ് യു.ഡി.എഫ് തീരുമാനം.
കെഎസ്ആർടിസി കോംപ്ലക്സും പാലങ്ങളും റോഡുകളുമുൾപ്പെടെ പത്തുവർഷത്തിനിടെ മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നാണ് എം.എൽ.എ മാത്യു ടി.തോമസിൻ്റെ വാദം. കുറഞ്ഞുപോയത് വികസനകളുടെ പ്രചരണം മാത്രമാണെന്നും മാത്യു ടി.തോമസ്.
ജെഡിഎസ് സീറ്റ് സിപിഎമ്മിന് വിട്ടു നൽകണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും സഭകളുമായി അടുത്ത ബന്ധമുള്ള മാത്യു ടി.തോമസിനെ തന്നെ കളത്തിലിറക്കാനാണ് എൽ.ഡി.എഫ് തീരുമാനം. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ വർഗീസ് മാമ്മനെയാണ് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും എന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. തിരുവല്ല രാമൻചിറയിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. അനൂപ് ആന്റണിക്കായി ചുവരെഴുത്ത് തുടങ്ങി.തിരഞ്ഞെടുപ്പ് ചിത്രത്തിൽ അനൂപ് ആന്റണി കൂടി വരുന്നതോടെ തിരുവല്ലയിൽ ന്യൂനപക്ഷ വോട്ടുകൾ വഴി പിരിയുമെന്ന് ഉറപ്പായി. ഈ വോട്ടുകളുടെ ഒഴുക്ക് ജയത്തിൽ നിർണായകമാകും.