പൊലീസിനായി ആരും തൊടാത്ത മൃതദേഹങ്ങൾ എടുത്തു നൽകുന്ന തിരുവല്ല സ്വദേശി സോമൻ, കാലിൽ അണുബാധയേറ്റ് ചികിത്സയിൽ. മൃതദേഹത്തിൽ നിന്നാണ് സോമന് അണുബാധയേറ്റതെന്നാണ് നിഗമനം. ഇലന്തൂർ നരബലി കേസിൽ അടക്കം പൊലീസിന് സോമൻ നൽകിയ സഹായം നിർണായകമായിരുന്നു.
അഴുകിയതും പുഴുവരിച്ചതുമായ, ക്രൂര കൊലപാതകങ്ങളിലേതുൾപ്പെടെ ആരും തൊടാൻ മടിക്കുന്ന ആറായിരത്തിലധികം മൃതദേഹങ്ങൾ പൊലീസിനായി സോമൻ എടുത്തു നൽകിയിട്ടുണ്ട്. ജൂൺ രണ്ടിന് പത്തനംതിട്ട ചന്ദനപ്പള്ളിയിൽ മുള്ളുകൾക്കിടയിൽ, 22 ദിവസം പഴക്കമുള്ള പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം എടുക്കുന്നതിനിടെയാണ് അണുബാധയുണ്ടായത്. ധരിച്ചിരുന്ന പി.പി.ഇ കിറ്റ് കീറി കാലിന്റെ തുടഭാഗത്തു തറച്ച മുള്ളിൽ നിന്നേറ്റ മുറിവ് വഴിയാണ് അണുബാധയേറ്റത്. ജൂൺ രണ്ടിനു തന്നെ പനി തുടങ്ങിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, മൃതദേഹത്തിൽ നിന്നുള്ള അണുബാധയാണ് കാരണമെന്ന് തിരിച്ചറിയാൻ ഒരു മാസത്തോളമെടുത്തു. ഇതിനകം നാലുതവണ കാലിൽ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു.
"മൂന്നു ദിവസം വെന്റിലേറ്ററിലായിരുന്നു. ഏഴു ദിവസം ഐ.സി.യുവിൽ കിടന്നു. അണുക്കൾ ഏതാണെന്നു കണ്ടുപിടിക്കാൻ തന്നെ 31 ദിവസമെടുത്തു. അണുബാധ തിരിച്ചറിയാൻ വൈകി. നാലു ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇനിയും മൂന്നാഴ്ച കൂടി ആശുപത്രിയിൽ കിടക്കേണ്ടി വരും." മകൾ സുമി പറയുന്നു
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽ മൃതദേഹങ്ങൾ എടുത്തു നൽകാൻ സോമൻ പൊലീസിനെ സഹായിച്ചിട്ടുണ്ട്. ഇലന്തൂർ നരബലിക്കേസ് ഉൾപ്പെടെയുള്ള പ്രമാദമായ കൊലപാതകങ്ങളിൽ പൊലീസിന് സോമന്റെ സഹായം നിർണായകമായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. സോമന്റെ ദുരവസ്ഥ അറിഞ്ഞ് പൊലീസുകാർ ഒന്നേകാൽ ലക്ഷം രൂപ നൽകി സഹായിച്ചു. മറ്റു പലരും നൽകിയ സഹായത്തോടെയാണ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് സോമനും കുടുംബവും.