പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേ ചൊല്ലിയുള്ള സിപിഎം–സിപിഐ തര്‍ക്കത്തിന് പരിഹാരമായില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ എംഎന്‍ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ടെങ്കിലും ഇരുകൂട്ടരും നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. പുറത്തുപറയാവുന്ന തരത്തില്‍ ധാരണയായില്ലെന്ന് ടി.പി.രാമകൃഷ്ണനും പദവികള്‍ കിട്ടേണ്ടപ്പോള്‍ കിട്ടുമെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചു.
എകെജി സെന്‍ററില്‍ സിപിഎം സെക്രട്ടേറിയറ്റും എംഎന്‍ സ്മാരകത്തില്‍ സിപിഐ എക്സിക്യുട്ടീവും ചേരുന്ന അതേ ദിവസമാണ് ഇരുവര്‍ക്കും ഇടയിലെ കീറാമുട്ടിയായ പ്രതിപക്ഷ ഉപനേതൃപദവി ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചത്. പക്ഷെ ചര്‍ച്ചക്ക് മുന്‍പേ നിലപാട് പരസ്യമാക്കിയ ബിനോയ് വിശ്വത്തോടുള്ള സിപിഎമ്മിന്‍റെ അതൃപ്തിയോടെയായിരുന്നു ദിവസത്തിന് തുടക്കം.
ചര്‍ച്ചയുടെ സമയം അറിയിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വവും പറഞ്ഞതോടെ ചര്‍ച്ച തന്നെ മുടങ്ങുമെന്ന പ്രചാരണമായി. പക്ഷെ അതൃപ്തി മറന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എംഎന്‍ സ്മാരകത്തിലെത്തി. 45 മിനിറ്റ് നീണ്ട ചര്‍ച്ചയ്ക്ക് പ്രയോജനമൊന്നുമുണ്ടായില്ല. പ്രതിപക്ഷത്തെ രണ്ടാമത്തെ കസേര ആര്‍ക്കെന്നതില്‍ മാത്രമല്ല, പിണക്കം മറന്ന് എല്‍ഡിഎഫ് യോഗത്തില്‍ ഒന്നിച്ചിരിക്കുന്നതിലും തീരുമാനമില്ല. തീരുമാനമുള്ളത് ഒറ്റക്കാര്യത്തില്‍, ചര്‍ച്ചകള്‍ തുടരും.