തിരുവനന്തപുരം ആറ്റിങ്ങലിൽ നിർമ്മാണത്തിലുള്ള ദേശീയപാതയിൽ വിള്ളൽ. മാമം മുതൽ മണമ്പൂര് വരെയുള്ള സ്ട്രച്ചിലെ കൊല്ലമ്പുഴയിലെ കോൺക്രീറ്റ് ഭിത്തിയിൽ രൂപപ്പെട്ട വിള്ളൽ തെർമോകോൾ കൊണ്ട് അടച്ചിരിക്കുകയാണ്. ഇവിടെ ഏതാണ്ട് 50 മീറ്റർ പരിധിയിൽ രൂപപ്പെട്ട 18 വിള്ളലുകൾ സിമൻറ് പൂശി അടച്ച നിലയിലാണ്.
ഒരാഴ്ച മുമ്പ് എടുത്ത ഈ ചിത്രത്തിൽ ആറ്റിങ്ങൽ കൊല്ലം പുഴയിലെ ദേശീയപാത കോൺക്രീറ്റ് ഭിത്തിയിൽ വിള്ളലാണിത്. വിള്ളൽ വാർത്തയായതോടെ കരാറുകാർ കാണിച്ച സൂത്രവിദ്യ. തെർമോക്കോൾ കൊണ്ട് വിള്ളൽ അടച്ചിരിക്കുന്നു. ഇതിൻ്റെ തൊട്ടിപ്പുറത്ത്, ഏതാണ്ട് 50 മീറ്റർ പരിധിയിൽ സിമൻ്റ് കൊണ്ട് വിടവുകൾ അടച്ചതിൻ്റെ പാടുകൾ കാണാം. ഞങ്ങൾ എണ്ണി നോക്കി. 18 പ്ലാസ്റ്ററുകൾ.
എല്ലാം കോൺക്രീറ്റ് ഭിത്തിയിൽ രൂപപ്പെട്ട വിള്ളലുകൾ ആണെന്നും പിന്നീട് സിമൻ്റ് പൂശി അടച്ചതാണെന്നും നാട്ടുകാർ.
ഈ പ്രദേശം ചതുപ്പ് നിലമായിരുന്നു. ഇവിടെ പില്ലറിൽ റോഡ് പണിയുന്നതിന് പകരം മണ്ണിട്ട് പൊക്കി കോൺക്രീറ്റ് കെട്ടി റോഡുണ്ടാക്കുന്നത് അശാസ്ത്രീയം ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.