anali-snake-cat-c

ചൂട് കഠിനമായതോടെ പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് വര്‍ധിക്കുകയാണ്. പാമ്പ് കടിയേറ്റ് കിളിമാനൂരില്‍ വീട്ടമ്മ മരിച്ചതും,  തൃശൂര്‍ കോടാലിയില്‍ എട്ടുവയസുകാരന്‍ മരിച്ചതും ദിവസങ്ങൾക്ക് മുമ്പാണ്.  

ഇപ്പോഴിതാ തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ വീട്ടിൽ വളർത്തുന്ന പൂച്ച, ഒരേസമയം ഏഴ് അണലിക്കുഞ്ഞുങ്ങളെ പിടികൂടിയ സംഭവമാണ് നാട്ടുകാരെ ഞെട്ടിച്ചത്. ആറ്റിങ്ങൽ തുമ്പിക്കോട്ടുകോണത്തെ വീട്ടിലായിരുന്നു പൂച്ചയുടെ ഷോ!.  അടുക്കളയോട് ചേർന്ന പുരയിടത്തിൽ നിന്ന് ഏഴ് പാമ്പിൻകുഞ്ഞുങ്ങളെയാണ് പൂച്ച സാർ പിടിച്ചത്. 

അണലിക്കൂട്ടം ആൾ സഞ്ചാരമുള്ള സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. പൂച്ചയുടെ പാമ്പുപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ ഭയന്നുപോയ വീട്ടുകാർ പാമ്പ് പിടിത്തക്കാരനായ രാജേഷ് തിരുവാമനയെ സമീപിക്കുകയായിരുന്നു. തുടർന്ന് രാജേഷ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 3 അണലിക്കുഞ്ഞുങ്ങളെ കൂടി പിടികൂടി. അതിന് ശേഷം ഈ ഭാ​ഗത്ത് തീയിട്ടപ്പോൾ രണ്ട് കുഞ്ഞുങ്ങളെ കൂടി കിട്ടി.

തൃശൂര്‍ കോടാലിയില്‍ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആല്‍ജോ ആണ് കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് മരിച്ചത്.  സഹോദരന്‍ അനോദ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടികളുടെ മുറിയില്‍നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ ലഭിച്ചത് കിടക്കയില്‍ തലയണയ്ക്കടിയില്‍നിന്നാണ്.  

ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കൾ കരുതിയിരുന്നത്. എന്നാല്‍ പുലർച്ചയോടെ മകൻ അബോധാവസ്ഥയിലാവുകയായിരുന്നെന്ന് അമ്മ പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടക്കയില്‍ തലയിണക്കടിയില്‍നിന്ന് പാമ്പിനെ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളവും കണ്ടെത്തി. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത്  19 പേരാണ് പാമ്പുകടിയേറ്റു മരിച്ചത്. കടുത്ത ചൂടില്‍ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്കും പരിസരങ്ങളിലേക്കും എത്തുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം.  

ENGLISH SUMMARY:

Snake bite incidents in Kerala are increasing due to extreme heat. A recent incident in Attingal, Thiruvananthapuram, where a pet cat caught seven viperlings, has shocked locals.