(AI Generated Image)
ഹൈവേയില്‍ വാഹനം കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി തോക്കുചൂണ്ടി ബലാല്‍സംഗം ചെയ്തതായി പരാതി. പുണെ–സോലാപൂര്‍ ഹൈവേയില്‍ കുര്‍കുംബിന് സമീപം അപരിചിതനില്‍ നിന്ന് ലിഫ്റ്റ് സ്വീകരിച്ച 32കാരിക്കാണ് ദുരനുഭവം. ദൗണ്ട് താലൂക്കിലെ സ്റ്റേഷനറി കടയുടമയും 35കാരനുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻദാപൂർ താലൂക്കിൽ താമസിക്കുന്ന യുവതി, തന്‍റെ അമ്മയെ സഹോദരന്‍ ഉപദ്രവിക്കുന്ന വിവരമറിഞ്ഞ് പിംപ്രി ചിഞ്ച്‌വാഡിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിക്കപ്പ് വാഹനത്തിൽ കുർക്കുംഭിലെത്തിയ യുവതി ഹൈവേയിലെ ഒരു പാലത്തിന് സമീപം ലിഫ്റ്റ് തേടുകയായിരുന്നു. ഇതിനിടെ പുണെയിലേക്ക് കാറിൽ പോവുകയായിരുന്ന പ്രതി യുവതിയെ വഴിയില്‍ ഇറക്കാമെന്ന് വാഗ്ദാനം ചെയ്തു. മൂന്ന് കിലോമീറ്റർ സഞ്ചരിച്ച ശേഷം വിജനമായ സ്ഥലത്ത് കാർ നിർത്തി കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. യുവതി എതിർത്തപ്പോൾ തോക്ക് പുറത്തെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കാറിൽ നിന്ന് വലിച്ചിറക്കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
പ്രതി പോയതിനുശേഷം ഇന്‍ദാപൂരിലെ വീട്ടിലെത്തിയ യുവതി അടുത്ത ദിവസം പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. അവർ കാറിന്‍റെ റജിസ്‌ട്രേഷൻ നമ്പർ കുറിച്ചെടുത്തിരുന്നു. ഈ നമ്പറിന്‍റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. എന്നാല്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചതായി പറയപ്പെടുന്ന തോക്ക് ഇഥുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഭാരതീയ ന്യായ സംഹിത, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ദൗണ്ട് പൊലീസ് കേസെടുത്തത്. പ്രതിയെ മാർച്ച് 31 വരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ പ്രാദേശിക കോടതി ഉത്തരവിട്ടു.