delhi-murder

പ്രതീകാത്മക ചിത്രം

ഡല്‍ഹിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പുല്‍ പ്രഹ്ലാദ്പൂരിലാണ് അരുംകൊല നടന്നത്. 32കാരിയായ പൂനമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. 

മാര്‍ച്ച് 30ന് വൈകിട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭര്‍ത്താവിന്‍റെ സഹോദരന് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ പൂനം പ്രതികരിച്ചതാണ് വഴക്കില്‍ ചെന്ന് കലാശിച്ചത്. ഇരുവരും തമ്മിലുളള വാക്കുതര്‍ക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന ചെറിയ എല്‍പിജി സിലിണ്ടര്‍ എടുത്ത് സുരേഷ് പൂനത്തിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ പൂനത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.

അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. അയല്‍വാസികള്‍ നല്‍കിയ മൊഴി ഇങ്ങനെ...'പൂനവും ഭര്‍ത്താവും തമ്മില്‍ വഴക്കിലേര്‍പ്പെടുന്നത് കേട്ടിരുന്നു. ഞങ്ങള്‍ അത് അത്ര കാര്യമാക്കിയില്ല. അവര്‍ മറ്റുളളവരുമായി അത്ര ഇടപഴകുന്ന കുടുംബമായിരുന്നില്ല. ഇരുവരും തമ്മിലുളള വഴക്കിന് പിന്നാലെ പൂനത്തിന്‍റെ ഉച്ചത്തിലുളള നിലവിളിയാണ് കേട്ടത്. തൊട്ടുപിന്നാലെ ഭാരമുളള എന്തോ വസ്തുകൊണ്ട് പലതവണ ഇടിക്കുന്നത് പോലെ തോന്നി. ഓടി ഫ്ലാറ്റില്‍ ചെന്നപ്പോള്‍ കണ്ടത് പൂനം രക്തത്തില്‍ കുളിച്ച് കിടക്കുന്നതായിരുന്നു. തൊട്ടടുത്ത് ഒന്നര വയസുളള പൂനത്തിന്‍റെ കു‍ഞ്ഞ് നിന്ന് കരയുന്നുണ്ടായിരുന്നു'- അയല്‍വാസികള്‍ പറയുന്നു.

2020ല്‍ വിവാഹിതരായ പൂനവും ഭര്‍ത്താവും രാജസ്ഥാനിലെ ചുരു ജില്ലയില്‍ നിന്നും കഴിഞ്ഞ മാസമാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. മൂത്തയാള്‍ സുരേഷിന്‍റെ മാതാപിതാക്കള്‍ക്കൊപ്പം രാജസ്ഥാനിലാണ് താമസം. ഇളയ മകള്‍ മാത്രമാണ് ദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. കൊലപാതകത്തിന് പിന്നാലെ പിടിയിലായ സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൂനത്തിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

ENGLISH SUMMARY:

In a shocking incident, a husband allegedly murdered his wife in Delhi by striking her with an LPG cylinder during a domestic dispute. The victim, identified as 32-year-old Puneam, succumbed to her injuries.