ബെംഗളൂരുവില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് മഞ്ജുളയാണ് കൊല്ലപ്പെട്ടത്.
ഭാര്യയെ കൊല്ലുമെന്ന ഭീഷണി വീഡിയോയ്ക്ക് പിന്നാലെയായിരുന്നു അരുംകൊല. ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ക്ക് അടിമയാണ് പ്രതി പ്രദീപെന്ന് പൊലീസ് പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ കൈ മുറിച്ച് പ്രദീപ് ജീവനൊടുക്കാനും ശ്രമം നടത്തി.
പ്രദീപിന്റെ ഓൺലൈൻ ബെറ്റിങ് ശീലത്തെച്ചൊല്ലി ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മഞ്ജുളയെ പ്രദീപിന് സംശയമുണ്ടായിരുന്നെന്നും കുഞ്ഞിന്‍റെ പിതൃത്വത്തെ ചൊല്ലി തർക്കിച്ചിരുന്നെന്നും ആരോപണമുണ്ട്. പ്രദീപ് ഉപദ്രവിക്കുന്നതിനാല്‍, കഴിഞ്ഞ ഒന്നരമാസമാസി മഞ്ജുള കുട്ടികളെയും കൂട്ടി സ്വന്തം അമ്മയ്ക്കൊപ്പം വേറേ വീട്ടിലായിരുന്നു താമസം. അവിടെയും അന്വേഷിച്ചെത്തിയ പ്രദീപ്, തന്നോട് ക്ഷമിക്കണമെന്ന് അഭ്യർഥിച്ച് മഞ്ജുളയുടെ കാലിൽ വീണു. പൊടുന്നനെ പ്രദീപ് അക്രമാസക്തനാവുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. രണ്ട് മക്കളുടെയും മഞ്ജുളയുടെ അമ്മയുടെയും മുന്നിൽവെച്ചായിരുന്നു ആക്രമണം. മഞ്ജുളയെ ഇരുപതിലധികം തവണ കുത്തിയതായാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് തൊട്ടുമുമ്പാണ് പ്രദീപ് വീഡിയോ സന്ദേശം റെക്കോർഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. “എന്റെ ബെറ്റിങ് ലഹരി കുടുംബം തകർത്തു. പക്ഷേ ഭാര്യയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. അവളുടെ അച്ഛനോടും സഹോദരനോടും ഞാൻ ഇക്കാര്യം പറഞ്ഞതാണ്. കൂടെവരാൻ ഒരിക്കൽക്കൂടി അവളോട് ഞാന്‍ പറയും. വരില്ലെന്ന് പറഞ്ഞാൽ അപ്പോള്‍ തന്നെ ഞാന്‍ കൊല്ലും”. വീഡിയോയിൽ പ്രദീപ് പറയുന്നു.