ആറ്റിങ്ങൽ കടക്കാൻ ആഞ്ഞുപിടിക്കണമെന്ന് ഉറപ്പിച്ച് ത്രികോണപ്പോര്. ഇടത് കോട്ടയെന്ന് വിളിപ്പേരുണ്ടെങ്കിലും മണ്ഡലം തിരിച്ച് പിടിക്കുമെന്ന് യു.ഡി.എഫും താമര വിരിയുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു. സിറ്റിങ് എം.എൽ.എ ഒ.എസ് അംബിക എൽ.ഡി.എഫിനായും, ആർ.എസ്.പിയിലെ സന്തോഷ് ഭദ്രൻ യു ഡി.എഫിനായും, അഡ്വ പി.സുധീർ ബി.ജെ.പിക്കായും ആറ്റിങ്ങലിൽ കരുത്ത് കാട്ടുമെന്ന് ഉറപ്പിച്ച് പ്രചരണത്തിലാണ്.
ഇടഞ്ഞാലും ഇടതോരം നീങ്ങാൻ ആഗ്രഹിക്കുന്ന വോട്ടർമാർ കൂടുതലുള്ള ഇടം. ചാഞ്ചാട്ടമില്ലാതെ ഓരോ തവണയും എൽ.ഡി.എഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം ഉയർത്തുന്ന മണ്ണ്. വികസന നേട്ടങ്ങളുടെ കണക്ക് നിരത്തുമ്പോൾ വിജയം വിളിപ്പാടകലെയെന്ന് സിറ്റിങ് എം.എൽ.എ.
മൺകോരിയിലൂടെ ആറ്റിങ്ങൽ യു.ഡി.എഫ് കോരിയെടുക്കുമെന്നും ഉറച്ച സീറ്റെന്നത് എൽ.ഡി.എഫിൻ്റെ അവകാശവാദം മാത്രമെന്നും യു.ഡി.എഫ്. കഴിഞ്ഞതവണ റണ്ണർ അപ്പായ കരുത്തിൽ ഇത്തവണ ഒന്നിലേക്ക് കുതിക്കുമെന്ന് ബി.ജെ.പി. മൂവരും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോൾ ആറ്റിങ്ങലിലെ മൽസര ഫലം പ്രവചനാതീതമാവും.