കൊല്ലം ദേശീയപാതയിലെ ഉയരപ്പാതകള്‍ പില്ലറുകളില്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പലയിടത്തും റോഡുകള്‍ ഇടിഞ്ഞു താഴ്ന്നതോടെയാണ് നാട്ടുകാരുടെ ആവശ്യം. പറക്കുളത്ത് പാനല്‍ ഭിത്തിയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്നു ദേശീയപാത നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിയിരുന്നു.
മൈലക്കാട് മുതല്‍ വയലായിരുന്ന പ്രദേശത്തു കൂടിയാണ് ദേശീയപാത കടന്നു പോകുന്നത്. 20 അടിയലധികം ഉയരത്തില്‍ റീ ഇന്‍ഫേഴ്സ്ഡ് എര്‍ത്ത് വാള്‍ പാനല്‍ ഇരുവശങ്ങളിലും സ്ഥാപിച്ച് മണ്ണിട്ട് നികത്തിയാണ് നിര്‍മാണം. ഈര്‍പ്പം നിറഞ്ഞ പ്രദേശത്ത് മണ്ണ് ഇരുത്തുന്നതു കാരണമാണ് പാനല്‍ വാളും ഇളകുന്നത്. കാഴ്ചയില്‍ പേടി തോന്നുന്ന രീതിയാണ് പലേടത്തും ആര്‍.ഇ പാനല്‍ ഇളകിയിരിക്കുന്നത്. വാഹനത്തിനു മുകളില്‍ വീണാല്‍ പിന്നെ പൊടി പോലും കിട്ടില്ല.
കഴിഞ്ഞ ദിവസം അയത്തിലില്‍ പാനല്‍ ഇളകി വീണപ്പോള്‍ തലനാരിഴയ്ക്കാണ് കാറില്‍ സഞ്ചരിച്ച കുടുംബം രക്ഷപ്പെട്ടത്. ഇതോടെയാണ് മണ്ണിട്ട് നികത്തുന്നതിനു പകരം പില്ലറില്‍ ഉയരപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നത്.
സര്‍വീസ് റോഡ് വിള്ളല്‍ വീണതിനു തൊട്ടു പിന്നാലെ വിഷയം ലോക്സഭയിലും എത്തിയിരുന്നു. പില്ലറുകളില്‍ ഉയരപ്പാതയെന്ന ആവശ്യത്തോട് മന്ത്രി നിതിൻ ഗഡ്കരിയും യോജിച്ചെങ്കിലും പിന്നീട് മുന്നോട്ടു പോയില്ല.