pathanamthitta-unused-rest-center

ഭാഗ്യം ചെയ്ത വിശ്രമ കേന്ദ്രമാണ് പത്തനംതിട്ടയിലേത്. പണിതീര്‍ന്ന് കാലങ്ങളായിട്ടും വിശ്രമത്തിലാണ്. തുറക്കണമെന്ന് പണിഞ്ഞവര്‍ക്ക് ആഗ്രഹവുമില്ല.  പത്തനംതിട്ട നഗരത്തിലെ വിശ്രമകേന്ദ്രം ഉപയോഗിക്കുന്നത് സാമൂഹിക വിരുദ്ധരും തെരുവു നായ്ക്കളുമെന്ന് നാട്ടുകാര്‍. പണി തീര്‍ന്ന് നാലു വര്‍ഷമായിട്ടും തുറന്നിട്ടില്ല.

പ്രധാനമായും നഗരത്തിലെത്തുന്ന സ്ര്തീകളുടെ സൗകര്യത്തിന് വേണ്ടിയാണ് വിശ്രമകേന്ദ്രം നിര്‍മിച്ചത്.ഉദ്ഘാടനം നടത്തിയെങ്കിലും ഉള്ളിലെ സൗകര്യങ്ങള്‍ പലതും ആയിട്ടില്ല എന്നതാണ് സത്യം. നഗരസഭാ ബസ് സ്റ്റാന്‍ഡിന് സമീപമാണ് മന്ത്രി വീണ ജോര്‍ജിന്‍റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിതത്. 2019ല്‍ നഗരസഭ സ്ഥലം നല്‍കി 2021ല്‍ 2400സ്ക്വയര്‍ഫീറ്റ് കെട്ടിടം പണി തീര്‍ന്നു. ചെലവിട്ടത് 65 ലക്ഷം രൂപ. കഴിഞ്ഞവര്‍ഷം മഹത്തായ ഉദ്ഘാടനം നടന്നു. പക്ഷെ തല്‍ക്കാലം തുറക്കാന്‍ മനസില്ല.

ഭക്ഷണസൗകര്യം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മുറികള്‍, ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുറികള്‍, പുസ്തകശാല തുടങ്ങി സൗകര്യങ്ങളാണ് പറഞ്ഞത്. കെട്ടിടം നഗരസഭയ്ക്ക് കൈമാറിയിട്ടില്ല എന്നാണ് അധ്യക്ഷന്‍റെ വിശദീകരണം. മനുഷ്യര്‍ക്ക് ഗുണമില്ലെങ്കിലും തെരുവു നായകള്‍ വിശ്രമിക്കുന്നത് ഇപ്പോള്‍ ഇവിടെയാണ്.

ENGLISH SUMMARY:

A rest center in Pathanamthitta remains unused despite being completed four years ago. Originally built for women’s convenience using MLA funds, the facility near the municipal bus stand remains closed, becoming a shelter for stray dogs and antisocial elements. The project, completed in 2021 at a cost of ₹65 lakh, includes restrooms, a library, and separate rooms for different needs, but has not been handed over to the municipality. Residents demand its immediate opening.