മണ്‍റോതുരുത്തിലെ പാലങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണി; പൊളിഞ്ഞ് വീഴുമോ എന്ന് ആശങ്ക

കൊല്ലം മണ്‍റോതുരുത്തിലെ രണ്ടു പാലങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ബലക്ഷയമുള്ള പാലങ്ങള്‍ പൊളിച്ചു നീക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവും നടപ്പിലായില്ല. ജലഅതോറിറ്റി പൈപ്പ്  മാറ്റാത്തതാണ് പാലങ്ങള്‍ പൊളിക്കാതിരിക്കാന്‍ കാരണമെന്നാണ് പറയുന്നത്.

കിടപ്പറംതെക്ക് പെരുങ്ങാലം തുരുത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളുടെ അവസ്ഥയാണിത്. പണിതിട്ട് മുപ്പത്തിയഞ്ചു വര്‍ഷമേ ആയിട്ടുള്ളു എങ്കിലും ഏത് നിമിഷവും തകര്‍ന്നു വീഴാം. പാലത്തിലൂടെയുള്ള കാല്‍നടയാത്ര ജില്ലാ കലക്ടര്‍ നിരോധിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു.  എന്നാല്‍ ചിറയിൽക്കടവ്,പുളിമൂട്ടിൽക്കടവ് പാലങ്ങള്‍ ഇതുവരെ പൊളിച്ചു നീക്കിയിട്ടില്ല.

പാലം പൊളിഞ്ഞ് മല്‍സ്യതൊഴിലാളികളുടെ മുകളിലേക്ക് വീഴുമോ എന്നും ആശങ്കയുണ്ട്. പാലങ്ങള്‍ വേഗത്തില്‍ പൊളിച്ചു നീക്കണമെന്ന് ആഭ്യര്‍ഥിച്ച് നാട്ടുകാര്‍ വീണ്ടും അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.