ഓണവിപണി പിഴുതെറിഞ്ഞ് കാട്ടാനക്കൂട്ടം; വടശേരിക്കരയില്‍ വൻ കൃഷി നാശം

പത്തനംതിട്ട വടശേരിക്കരയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. ജനവാസ മേഖലയോട് ചേര്‍ന്നുള്ള കൃഷി ഇടത്തില്‍ ഇരുമ്പ് വേലിയും തകര്‍ത്താണ് കഴി‍ഞ്ഞ രാത്രി കാട്ടാനക്കൂട്ടം എത്തിയത്. 

ഓണ വിപണി ലക്ഷ്യമിട്ട് നട്ടുവളര്‍ത്തിയ വാഴ,ചേന, ചേമ്പ് എന്നു വേണ്ട കണ്ണില്‍ കണ്ടതെല്ലാം കാട്ടാനക്കൂട്ടം പിഴുതെറി‍ഞ്ഞു. ജനവാസമേഖലയോട് ചേര്‍ന്നുള്ള നാലക്കേറോളം വരുന്ന സ്ഥലത്തെ കൃഷി പൂര്‍ണമായും നശിപ്പിച്ചു. കാട്ടുപന്നിയുടെ ശല്യം പതിവാണെങ്കിലും വടശേരിക്കര ബൗണ്ടറിയില്‍ കാട്ടനകള്‍ അങ്ങിനെ എത്താറില്ലായിരുന്നു.

ചിറ്റാര്‍, സീതത്തോട് മേഖലകളില്‍ കഴിഞ്ഞ കുറച്ചു നാളുകളായി വന്യ ജീവികളുടെ ശല്യം പതിവാണ്. സൗരോര്‍ജ വേലിയും മറ്റും സ്ഥാപിച്ച് കൃഷിയും ജീവനും സംരക്ഷിക്കണമെന്ന് മലയോര ജനത വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല.