മാലിന്യനീക്കം പ്രഹസനം; വെള്ളപ്പൊക്ക ഭീഷണിയില്‍ നേരെകടവ്; ദുരിതം

മഴക്കാലമത്രയും വെള്ളത്തില്‍ മുങ്ങിതാഴേണ്ട ഗതികേടിലാണ് വൈക്കത്തെ നേരെകടവ്. തോടുകളുടെ ആഴം കൂട്ടലും മാലിന്യ നീക്കവും പ്രഹസനമായതോടെ രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ക്കാണ് ദുര്‍വിധി. മാലിന്യം കുമിഞ്ഞുകൂടിയ പാമ്പിഴഞ്ഞാം തോടും പതിനഞ്ചിലേറെ കൈത്തോടുകളുമാണ് നേരെകടവിനും വൈക്കത്തിനും ഭീഷണി. 

മഴപെയ്താല്‍ ഇത്തവണയും നേരേക്കടവിലേക്ക് െവള്ളം ഇരച്ചെത്തും. വെള്ളപ്പൊക്കം തടയാനുള്ള സർക്കാർ നിർദ്ദേശമൊന്നും ഇവിടെ അറിഞ്ഞമട്ടില്ല.  രണ്ടാൾപൊക്കത്തില്‍ വെള്ളം നിറഞ്ഞിരുന്ന തോടുകളില്‍ മണ്ണും മാലിന്യവും അടിഞ്ഞ് ആഴം കുറഞ്ഞു. തോട്ടിലൂടെ ഒഴുകിയിറങ്ങേണ്ട വെള്ളം മഴക്കാലത്ത് നാടിനെ മുക്കും. വേലിയേറ്റ സമയത്ത് പോലും റോഡിലേക്ക് വെള്ളം ഇരച്ചുകയറും. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക്  വള്ളമിറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

മഴക്കാലത്തിന് മുന്നോടിയായി പാമ്പിഴഞ്ഞാം തോട് ചടങ്ങെന്ന പോലെ ശുചീകരിക്കും. ആഴംകൂട്ടാതെ കാടുംപടലും വെട്ടിയൊതുക്കി ജോലി തീര്‍ക്കും. 

വെള്ളപ്പൊക്ക ഭീഷണി ഒഴിയണമെങ്കില്‍ തോട് ആഴം കൂട്ടി കല്ലുകട്ടി തീരവും സംരക്ഷിക്കണം. അതുണ്ടാകാത്ത കാലംവരെ നേരേക്കടവിലും വൈക്കത്തും മഴക്കാല ദുരിതം തുടരും.