എരിയകുളം ശുചീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍; ശ്രമദാനം വിജയകരം

യന്ത്രങ്ങൾക്ക് സാധിക്കാത്തത് ശ്രമദാനത്തിലൂടെ പൂർത്തീകരിച്ചിരിക്കുകയാണ് ആലപ്പുഴ അരൂരിലെ ഒരു കൂട്ടം പാർട്ടി പ്രവർത്തകർ. വർഷങ്ങളായി  മാലിന്യം നിറഞ്ഞുകിടക്കുന്ന  എരിയകുളം ശുചീകരിച്ചാണ് നാടിന് കുടിനീര് നൽകുന്നത്.  മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി  സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുളം വൃത്തിയാക്കിയത്.

സ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മൂടിയ കുളം, മണ്ണുമാന്തി യന്ത്രം കൊണ്ട് വൃത്തിയാക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. അങ്ങനെയാണ് സന്നദ്ധ സേവകരായി പാർട്ടി പ്രവർത്തകർ കുളത്തിൽ ഇറങ്ങിയത്. പത്തു മണിക്കൂർ കൊണ്ട് ഈ പൊതുകുളം പതിറ്റാണ്ടുകൾക്ക് പുറകിലെ പ്രൗഢിയിലേക്ക് മടങ്ങി. അരൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നാണ്   എരിയകുളം 

വർഷങ്ങളായി നാട്ടുകാർ  ഉപയോഗിച്ചിരുന്ന കുളമാണ് പിന്നീട് ഉപയോഗശൂന്യമായത്. കച്ചവട സ്ഥാപനങ്ങളിൽ നിന്നടക്കം മാലിന്യം തള്ളിയതോടെ  നാട്ടുകാർക്കും തലവേദനയായി.  ഇതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ  പദ്ധതി തയ്യാറാക്കിയത്. കുളത്തിന്റെ പാതിഭാഗം നേരത്തെ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ജലസംഭരണി നിർമിക്കാൻ മൂടിയിരുന്നു. കുളം വൃത്തിയായതോടെ കുടിവെള്ള പ്രശ്നം അനുഭവിക്കുന്ന അരൂരിന് മറ്റൊരു സംഭരണിയാണ്‌ നിറയുന്നത്