ചൂട് സഹിക്കാനാവാതെ കാടിറങ്ങി വന്യമൃഗങ്ങൾ; ഭീതിയിൽ തെൻമല

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്യ ജീവികളുടെ ശല്യം പതിവാകുന്നു. ഒരാഴ്ച്ചയ്ക്കിടെ ഒട്ടേറെ സ്ഥലത്ത് കൃഷി നശിപ്പിച്ചു. ചൂട് കനത്തതാണ് മൃഗങ്ങള്‍ കാടിറങ്ങുന്നതിന് കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞ രാത്രിയില്‍ കാട്ടാന നശിപ്പിച്ചതാണ് ഇതൊക്കെ. റബ്ബറും,തെങ്ങും,വാഴയും മാത്രമല്ല ഒരു പള്ളിയും ആനകള്‍ തകര്‍ത്തു. പകല്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തെന്‍മല സ്വര്‍ണഗിരി നിവാസികള്‍.

അച്ചന്‍കോവില്‍,കുളത്തുപുഴ, പാടം, കറവൂര്‍, കടശേരി തുടങ്ങിയ മേഖലകളിലും വന്യ മൃഗ ശല്യം പതിവാണ്. പത്തനാപുരത്ത് വീട്ടുമുറ്റത്ത് നിന്ന വയോധികനെ കഴിഞ്ഞ ദിവസം കാട്ടു പന്നി ആക്രമിച്ചിരുന്നു. വന്യമൃഗങ്ങളുടെ ശല്യം പതിവായിട്ടും വനംവകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മലയോര ജനതയ്ക്ക് പരാതിയുണ്ട്.