താലൂക്ക് ആശുപത്രിക്ക് കായകല്‍പം പുരസ്ക്കാരം

കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് രണ്ടാം തവണയും കേന്ദ്ര സര്‍ക്കാരിന്റെ കായകല്‍പം പുരസ്ക്കാരം. ശുചിത്വ പരിപാലന പരിശോധനയിൽ ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കാണ്. അറുപത്തിരണ്ടു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും.

പ്രവർത്തനമികവ്, ശുചിത്വം,അണുബാധ നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് കായകല്‍പം പുരസ്ക്കാരം നല്‍കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പ്രത്യേക സമിതിയുടെയും സംസ്ഥാനതലത്തിലുള്ള വിദഗ്ധ സംഘത്തിന്റെയും പരിശോധനയ്ക്ക് ശേഷമാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് കായകല്‍പം പുരസ്ക്കാരം ലഭിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍‌ ചികില്‍സ തേടുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി. കഴിഞ്ഞ വര്‍ഷം മാത്രം മൂന്നുലക്ഷത്തി പതിനായിരം പേരാണ് ചികില്‍സയ്ക്കായി എത്തിയത്.