കരാറുകാരന്‍ പിന്‍മാറുന്നു; പാലം നിർമാണം പ്രതിസന്ധിയിൽ

കൊല്ലം കൊന്നേല്‍ക്കടവ് പാലത്തിന്റെ നിര്‍മാണത്തില്‍ നിന്നു കരാറുകാരന്‍ പിന്‍മാറുന്നു. സാമഗ്രികള്‍ എത്തിക്കാനാകുന്നില്ല എന്നാണ് കരാറുകാരന്റെ വിശദീകരണം. ജോലികള്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ജനപ്രതിനിധികളാരും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്.

മണ്‍റോതുരുത്തിനെയും പെരുങ്ങാലം തുരുത്തിനെയും  ബന്ധിപ്പിക്കുന്നതാണ് കൊന്നേല്‍ക്കടവ് പാലം. 2018 ലാണ് നിര്‍മാണം ആരംഭിച്ചത്. കല്ലടയാറിന് കുറുകെ 175 മീറ്റര്‍ നീളത്തില്‍ പണിയുന്ന പാലത്തിന് 26 കോടിരൂപയാണ് ചെലവ്. ഒന്നേകാല്‍ വര്‍ഷമായി ജോലികള്‍ മുടങ്ങിയിരിക്കുകയാണ്. നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനാകുന്നില്ലെന്നാണ് കരാറുകരാന്റെ വാദം.

കരാറുകാരനുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഒഴിഞ്ഞുമാറുകയാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.