ആദിപമ്പ - വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം

ആദിപമ്പ - വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമാകുന്നു. നാല് പാലങ്ങളും, നടപ്പാതയുമടക്കം വിപുലമായ തുടർപ്രവർത്തനമാണ് ലക്ഷ്യം. വിനോദസഞ്ചാരംകൂടി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മൊത്തം 200കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

ഒരുനാടാകെ കൈകോർത്തപ്പോൾ പുഴയെ തിരികെപിടിച്ച ചരിത്രമാണ് ആദിപമ്പ - വരട്ടാർ പുനരുജ്ജീവന പദ്ധതിക്ക് പറയാനുള്ളത്. 2017ൽ ജനകീയകൂട്ടായ്മയുടെ ശ്രമഫലമായാണ് വരട്ടാർ വീണ്ടും ഒഴുകിയത്. പക്ഷെ, ഇടക്കാലത്തു പലവിധകാരണങ്ങളാൽ നിലച്ചുപോയ പദ്ധതിക്കാണ് ഇപ്പോൾ തുടക്കമാകുന്നത്.  രണ്ടാംഘട്ടത്തിൽ സമഗ്രമായ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. നാല് പാലങ്ങൾ, നടപ്പാതകൾ, കൃഷിയെ വീണ്ടെടുക്കൽ, ജൈവവൈവിധ്യ ഉദ്യാനം, തുടങ്ങി 200കോടിയിലധികം ചിലവ് പ്രതീക്ഷിക്കുന്നു.  വിനോദസഞ്ചാരം കൂടി മുന്നിൽക്കണ്ടാണ് പ്രവർത്തികൾ. പാലങ്ങളുടെ ശിലാസ്ഥാപനം ഈ മാസംതന്നെ നടത്താനാണ് ലക്ഷ്യം. 

പുഴയുടെ സ്വാഭാവിക ഒഴുക്കിനും, വീതി കൂട്ടുന്നതിനുമായി ആറരലക്ഷം ക്യുബിക് മീറ്റർ മണ്ണ് മാറ്റേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിട്ട ബലപ്പെടുത്തേണ്ട ഭാഗങ്ങളും ഏറെയുണ്ട്. നീർത്തട മാസ്റ്റർപ്ലാൻ അനുസരിച്ചു അതത് തദ്ദേശസ്ഥാപനങ്ങളാണ്  പദ്ധതി പൂർത്തിയാക്കുക. ഇത് സംബന്ധിച്ച പദ്ധതികൾ, ചെങ്ങന്നൂർ ഇടനാട് നടന്ന ശില്പശാല ചർച്ചചെയ്തു.