കാവടിപ്പുറത്തുകാരെ വെള്ളത്തിലാക്കി നഗരസഭ; ദുരിതകാഴ്ച

വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോ‍ഡും ഒാടയും പണിത നഗരസഭ ഉദ്യോഗസ്ഥര്‍ കൊല്ലം കാവടിപ്പുറത്തുകാരെ കൂടുതല്‍ വെള്ളത്തിലാക്കി.  ഹൈക്കോടതി നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഒാട പണിതവര്‍ വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമുണ്ടോയെന്ന്  മാത്രം നോക്കിയില്ല. അതേസമയം സി.പി.എമ്മും സി.പി.െഎയും തമ്മിലുള്ള തര്‍ക്കമാണ് ജനങ്ങളെ വെള്ളത്തിലാക്കിയതെന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റ ആക്ഷേപം. 

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അനുകൂല ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് കാവടിപ്പുറത്തുകാര്‍ നേടിയെടുത്തത്. റോഡ്  ഉയര്‍ത്തി വശങ്ങളില്‍ ഓട പണിയണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം. പറഞ്ഞപോലെ എംഎല്‍എ ഫണ്ടില്‍ നിന്നു കാല്‍കോടിയോളം രൂപ ചെലവാക്കി റോഡ് ഉയര്‍ത്തി ടൈല്‍പാകി. വശത്ത് ഓടയും പണിതു. പക്ഷെ ഓടയില്‍ നിന്ന് വെള്ളം ഒഴുകിപോകാന്‍ സൗകര്യമുണ്ടോയെന്ന് മാത്രം പരിശോധിച്ചില്ല  

നഗരസഭയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് നല്‍ക‌ാനാണ് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റ തീരുമാനം. അശാസ്ത്രീയ ഒാടനിര്‍മാണം കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.