തലസ്ഥാനത്ത് വീണ്ടും തെരുവുനായ വിളയാട്ടം; 14 പേർക്ക് പരുക്കേറ്റു

തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ വിളയാട്ടം. കരമനയിലും ഗാന്ധിനഗറിലുമായി പതിനാല് പേര്‍ക്ക് തെരുവ്നായ ആക്രമണത്തില്‍ പരുക്കേറ്റു. തെരുവ് നായ നിയന്ത്രണം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു

ഇന്ന് രാവിലെ ഏഴ്മണിയോടെയായിരുന്നു സംഭവം . കരമനയില്‍ രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ സ്കൂള്‍ വിദ്യാര്‍ത്ഥിയെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആകാശിനാണ് പരിക്കേറ്റത്.  ആകാശിന്‍റെ നിലവിളി കേട്ട് ഒാടികൂടിയ നാട്ടുകാര്‍ നായയെ കല്ലെറിഞ്ഞ് ഒാടിച്ചു. ഇതിന് ശേഷം മറ്റു പതിനൂന്ന് പേര്‍ക്കു കൂടി നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

പരുക്കേറ്റ എല്ലാവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. നിരവധി പേരാണ് തെരുവുനായകളുടെ കടിയേറ്റ് ദിവസസവും ജനറല്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടുന്നത്. നഗരത്തില്‍ തെരുവുനായ് ശല്ല്യം വര്‍ധിച്ചു വരുമ്പോഴും നിയന്ത്രിക്കാന്‍ കാര്യക്ഷമമായ നടപടികളില്ലെന്നും പരാതിയുണ്ട്