ചീഞ്ഞുനാറി പാളയം മാര്‍ക്കറ്റ് ; മാലിന്യം നീക്കം ചെയ്യാതെ കോർപറേഷൻ

തിരുവനന്തപുരം നഗരഹൃദയമായ പാളയം ചീഞ്ഞുനാറുന്നു. പാളയം മാര്‍ക്കറ്റിന് സമീപം മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാതെ കോര്‍പ്പറേഷന്‍. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച  പ്ലാസ്റ്റിക്ക് ഷ്രെഡിങ് യൂണിറ്റും ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തനരഹിതമായിട്ടും നന്നാക്കാന്‍ നടപടിയില്ല.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തിലാണ് ഈ മാലിന്യ മല. സെക്രട്ടേറിയേറ്റിനും കോര്‍പ്പറേഷന്‍ ആസ്ഥാനത്തിനുമെല്ലാം തൊട്ടടുത്ത്. പാളയം കണ്ണിമാറ മാര്‍ക്കറ്റിലെ മാലിന്യത്തിനുപുറമേ കോര്‍പ്പറേഷന്‍ ശേഖരിക്കുന്ന മാലിന്യവും ഇവിടെ തള്ളുന്നുണ്ട്. മാര്‍ക്കറ്റിലെ ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റിന്റെ സ്ഥിതി ഇതാണ്. പ്ലാസ്റ്റിക്ക് സംസ്കരണ യൂണിറ്റ് പണിമുടക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും കോര്‍പ്പറേഷന്‍ ഇവിടെ തള്ളുന്ന മാലിന്യത്തിന് മാത്രം കുറവൊന്നുമില്ല.

മാർക്കറ്റിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ദുര്‍ഗന്ധം മൂലം വലയുകയാണ്. രാത്രിയില്‍ വാഹനങ്ങളിലെത്തി മാല്യന്യം തള്ളുന്നതും ഇവിടെ വ്യാപകമായി തുടരുന്നു.