നഗരസഭാ ചെയർമാനെ മാറ്റുന്നതിൽ കോൺഗ്രസിൽ തർക്കം

ആലപ്പുഴ നഗരസഭാ ചെയർമാനെ മാറ്റുന്നതിൽ കോൺഗ്രസിൽ തർക്കം. നാളെ സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് ഡിസിസി  നിർദേശം നൽകിയെങ്കിലും നിലവിലെ ചെയർമാൻ തോമസ് ജോസഫ് രാജിവെക്കുമോ എന്ന ആശങ്കയിലാണ് പാർട്ടി. രാജിവയ്ക്കുന്ന പക്ഷം, ഐ ഗ്രൂപ്പിലെ തന്നെ ഇല്ലിക്കൽ കുഞ്ഞുമോനാണ് അടുത്ത ചെയർമാൻ ആകേണ്ടത്. 

തോമസ് ജോസഫിനെ അനുകൂലിക്കുന്ന കൗൺസിലർമാർ ചെയർമാൻ  മാറേണ്ടതില്ല എന്ന അഭിപ്രായമാണ് മാസങ്ങളായി സ്വീകരിക്കുന്നത്. എന്നാൽ ആദ്യ 3 വർഷം തോമസ് ജോസഫും പിന്നീടുള്ള രണ്ടുവർഷം  ഇല്ലിക്കൽ കുഞ്ഞുമോനും അധ്യക്ഷ പദവിയിൽ ഇരിക്കണമെന്ന ധാരണ ഉണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം. തർക്കം മൂത്തതോടെയാണ് നാളെ രാജിവെക്കാൻ ജില്ലാ കോൺഗ്രസ്‌ നേതൃത്വം ചെയര്മാന് നിർദേശം നൽകിയത്. ഒരു മാസം മുൻപ് പാർലമെന്ററി പാർട്ടി, തോമസ് ജോസഫിൽ നിന്നും രാജി എഴുതി വാങ്ങിയിരുന്നെങ്കിലും തർക്കം കാരണം നടപടികളിലേക്ക് കടക്കാൻ ആയില്ല. പാർട്ടി നിർദേശം ഉണ്ടെങ്കിലും ജില്ലയിലെ ഉന്നത നേതാക്കളുടെ പിന്തുണയാണ് നിലവിലെ ചെയർമാന്റെ സ്ഥാനചലനത്തിന് വിഘാതം. 

ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റും സ്ഥിരം സമിതി അധ്യക്ഷനുമായ ഇല്ലിക്കൽ കുഞ്ഞുമോനാണ് ഊഴം കാത്തുനിൽക്കുന്നത്. തർക്കം ഉള്ളതിനാൽ അധ്യക്ഷ സ്ഥാത്തേയ്ക്കുളള വോട്ടെടുപ്പ് യുഡിഎഫിനെ  ആശങ്കപ്പെടുത്തുന്നുമുണ്ട്. കൗൺസിലിൽ ഭൂരിപക്ഷമുണ്ടെങ്കിലും എൽഡിഎഫ് അവിശ്വാസം ഉൾപ്പെടെ കൊണ്ടുവരുമോ എന്നാണ് ഭീതി. അരൂർ ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ നിൽക്കെ പാർട്ടിക്കുള്ളിൽ ഉണ്ടാകാവുന്ന പോരും ചെറുതല്ലാത്ത ഭയം നേതൃത്വത്തെ അലട്ടുന്നുണ്ട്