ആലപ്പുഴയിൽ റൈഫിൾ ക്ലബ് പ്രവർത്തനം തുടങ്ങി

ഷൂട്ടിങ്ങില്‍ മിടുക്കരെ വാര്‍ത്തെടുക്കാന്‍ ആലപ്പുഴ ചേര്‍ത്തലയില്‍ റൈഫിൾ ക്ലബ്ബ് പ്രവർത്തനം തുടങ്ങി. 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന ക്ലബില്‍ മികച്ച സൗകര്യങ്ങളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്ലബ് ഉദ്ഘാടനം ചെയ്തത്.

രാജ്യാന്തരതലത്തിലുളള മൽസരത്തിനുപോലും അരങ്ങൊരുക്കാവുന്ന, വിശാല സൗകര്യങ്ങള്‍. വിദഗ്ദ പരിശീലനം. മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാനാകുമെന്ന ആത്മവിശ്വാസമാണ് അണിയറക്കാര്‍ക്ക്. ചേർത്തലയിൽ സെന്റ് മൈക്കിൾസ് കോളേജിനോട് ചേർന്നാണ് അക്കാദമി. 10 മീറ്റർ ഇലക്ട്രോണിക് ടാർജറ്റുളള, ശീതീകരിച്ച എയർ റൈഫിൾ-എയർ പിസ്റ്റൺ റേഞ്ചാണ് സവിശേഷത. സ്കൂൾ തലം മുതലുളള കുട്ടികളുടെ പരിശീലനത്തിനായി വിദ്ധരെ നിയമിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വിശദീകരിച്ചു. 

ഷൂട്ടിങ് പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ക്ക് പുറമെ അതിഥികള്‍ക്കായി മനോഹരമായ പവലിയനും ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി സ്കൂള്‍–കോളജ് തലത്തിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഷൂട്ടിങ്  മല്‍സരം ഈ വര്‍ഷംനടത്താനാണ് ആലപ്പുഴ റൈഫിള്‍ അസോസിയേഷന്റെ തീരുമാനം.