പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കും; ജലസേചന വകുപ്പിന് കലക്ടറുടെ നിർദേശം

കൊല്ലം പള്ളിക്കലാറിലെ നീരൊഴുക്ക് രണ്ടാഴ്ച്ചയ്ക്കകം സുഗമമാക്കാൻ ജില്ലാ കലക്ടറുടെ നിര്‍ദേശം. തൊടിയൂര്‍ പാലത്തിന് സമീപം നിര്‍മിച്ച തടയണയും ശൂരനാട് മേഖലയില്‍ വെള്ളപ്പൊക്കത്തിന് കാരണമായെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ അഞ്ചു വില്ലേജുകളെ പ്രളയ ബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. 

കഴിഞ്ഞ മഴയില്‍ ശൂരനാട് വടക്ക്, തൊടിയൂര്‍ പാവുമ്പ തുടങ്ങിയ മേഖലയിലെ നൂറ്റിയമ്പതിലധികം വീടുകളില്‍ വെള്ളം കയറി. പള്ളിക്കലാറില്‍ തൊടിയൂര്‍ പാലത്തിന് സമീപം നിര്‍മിച്ച തടയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാടിയിരുന്നു. പിന്നാലെ ഇതേക്കുറിച്ച് പഠിക്കാൻ കലക്ടര്‍ സാങ്കേതിക വിദഗധരെ നിയോഗിച്ചു. 

ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തടയണയക്ക് ഇരുവശത്തേക്കുമുള്ള നീരൊഴുക്ക് സുഗമമാക്കാൻ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ ജലസേചന വകുപ്പിന് നിര്‍ദേശം നൽകിയത്. പാവുമ്പ,തൊടിയൂര്‍, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് വടക്ക് വില്ലേജുകളെ പ്രളയ ബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അഞ്ചു വില്ലേജുകളിലുമായി 160 ഹെക്ടറിലെ കൃഷി നശിച്ചുവെന്നാണ് പ്രാഥമിക കണക്ക്.