ബജി മുതൽ ദം ബിരിയാണി വരെ; നാവിൽ രുചിമേളം തീർത്ത് കുടുംബശ്രീ

കൊതിയൂറും വിഭവങ്ങളുമായി പത്തനംതിട്ടയില്‍ കുടുംബശ്രീയുടെ രുചിമേളം. ജില്ലാ കുടുംബശ്രീമിഷന്റെ നേതൃത്വത്തിലുള്ള രുചിമേളത്തില്‍ നിരവധിപേരാണ് വിഭവങ്ങളുടെ സ്വാദറിയാനായി  എത്തുന്നത്.

രുചിമേളത്തിൽ തിരക്കോടുതിരക്കാണ്. വിഭവങ്ങളുടെ രുചിയാസ്വദിക്കാന്‍ അത്രത്തോളംപേരാണ് എത്തുന്നത്. വിവിധബജികൾ, കട്‌ലറ്റ്, ചുക്ക് കാപ്പി, ചായ എന്നിവയിൽ തുടങ്ങും രുചിമേളത്തിലെ വിഭവങ്ങള്‍. പുലാവും ബീഫും. ദം ബിരിയാണിയുമൊക്കെയുണ്ട്. മലബാർ രുചിപ്പെരുമ കഴിഞ്ഞാൽ പിന്നെ തിരുവതാംകൂർ ഐറ്റങ്ങളാണ്. കുടുംബശ്രീ യൂണിറ്റുകൾ ഉണ്ടാക്കുന്ന വിവിധ തരം ഉപ്പേരികൾ, മുറുക്ക്, അച്ചാറ്, ചമ്മന്തിപ്പൊടി, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിവയും വിൽപനയ്ക്കുണ്ട്. 

ചിരട്ടകൊണ്ടുള്ള കരകൗശല വസ്തുക്കൾ, പാചകത്തിനുള്ള ചട്ടികൾ, ഇരവിപേരൂർ അരി, കൊടുമൺ അരി എന്നിവയും വിൽപനയ്ക്കുണ്ട്. രാവിലെ 11 മുതൽ രാത്രി ഒൻപതുവരെയാണ് പ്രവര്‍ത്തനം. തിരക്ക് പരിഗണിച്ച് കൂടുതൽ മേളകൾ നടത്താനുള്ള ആലോചനയിലാണ് കുടുംബശ്രീ മിഷൻ.