20 രൂപ ഉൗണിന് നിലവാരമില്ലെന്ന് പരാതി; ബുദ്ധിമുട്ടിലെന്ന് നടത്തിപ്പുകാർ

കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലെ ഇരുപത് രൂപ ഊണിന് നിലവാരമില്ലെന്ന് പരാതി. സര്‍ക്കാര്‍ പറഞ്ഞ കറികളൊന്നുമില്ലാതെ വെറും ചോറുമാത്രമായി ഊണ് മാറിയെന്നാണ് ആക്ഷേപം. അതേസമയം ഇത്രപോലും കഷ്ടിച്ചാണ് കൊടുക്കാന്‍ കഴിയുന്നതെന്നാണ് കുടുംബശ്രീക്കാരുടെ വിശദീകരണം.

സാധാരണക്കാര്‍ക്ക് കുറഞ്ഞചെലവില്‍ ഉച്ചഭക്ഷണം കൊടുക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ജനകീയ ഹോട്ടല്‍ തുറന്നത്. ആദ്യം ഹോട്ടലിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലേക്ക് നോക്കുക. ചോറ് തോരന്‍ അല്ലെങ്കില്‍ ചമ്മന്തി, അച്ചാര്‍, പിന്നെ ഒഴിച്ചുകറികളും. ആവശ്യത്തിന് ചോറുണ്ട്. തോരന്‍ കാണാനും മാത്രമില്ല, ചമ്മന്തിയോ അച്ചാറോ ഇല്ല. വെള്ളം പോലെ ഒരു ഒഴിച്ചുകറിയുണ്ട്.  കറികളെവിടെ എന്ന് ചോദിച്ചപ്പോള്‍ ഹോട്ടല്‍ നടത്തിപ്പുകാരായ കുടുംബശ്രീക്കാരുടെ പ്രതികരണം കേള്‍ക്കുക.

ഊണൊന്നിന് ഇരുപത് രൂപ ആളുകളില്‍ നിന്ന് വാങ്ങുന്നുണ്ട്. പത്ത് രൂപ സബ്സിഡിയായി സര്‍ക്കാരും നല്‍കുന്നു. മുപ്പത് രൂപ കിട്ടിയിട്ടും സര്‍ക്കാര്‍ പറഞ്ഞതുപോലെ ഊണ് കൊടുക്കാന്‍ പറ്റുന്നില്ലെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നത്.

ജനകീയ ഹോട്ടലുകളെ പൂര്‍ണമായും തള്ളിപ്പറയുകയല്ല, സര്‍ക്കാരിന്റ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒട്ടെറെയെണ്ണമുണ്ട്. അല്ലാത്തവയും ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ മാത്രമാണ് ഈ വാര്‍ത്ത.