കുടുംബശ്രീയുടെ ‘ഹരിതം ആട് ഗ്രാമം’ പദ്ധതിയില്‍ വീഴ്ചയുണ്ടായതായി ആക്ഷേപം

കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്തിലെ കുടുംബശ്രീയുടെ ‘ഹരിതം ആട് ഗ്രാമം’ പദ്ധതിയില്‍ വീഴ്ചയുണ്ടായതായി ആക്ഷേപം. രോഗം ബാധിച്ച ആടുകളെയും ഗുണനിലവാരമില്ലാത്ത ആട്ടിന്‍കൂടുമാണ് ലഭിച്ചതെന്നാണ് ഗുണഭോക്താക്കളുടെ പരാതി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇടമുളക്കൽ പഞ്ചായത്തിലെ പനച്ചവിള ഏഴാം വാർഡിലെ കുടുംബശ്രീ അംഗങ്ങളായ ശ്രീലത, ഗിരിജ, രമണി, സുദർമ, ശ്യാമള, നിഷ എന്നിവരുടേതാണ് പരാതി. എട്ടു മാസം മുമ്പ് ബാങ്കിൽ നിന്ന് ആടിനും ആടിനെകെട്ടാനുളള കൂടിനുമായി ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം വായ്പ അനുവദിച്ചിരുന്നു. പതിനായിരം രൂപ വീതം വില വരുന്ന അഞ്ച് ആട്ടിൻകുട്ടികളും അമ്പതിനായിരം രൂപ വിലവരുന്ന ഹൈടെക് ആട്ടിൻ കൂടും നൽകുന്നതായിരുന്നു പദ്ധതി. എന്നാല്‍ ഏജന്‍‌സി മുഖേന ലഭിച്ച ആട് രോഗം ബാധിച്ചതായിരുന്നു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. രോഗം ബാധിച്ച ആടിനെ ദിവസവും ആയൂരിലെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിൽസ നല്‍കാന്‍‌ ദിവസവും 250 രൂപ ചെലവ് വരുന്നു. വീടിനു പോലും വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാത്തവര്‍ ഇപ്പോള്‍ ആട് പദ്ധതിയില്‍ കടക്കെണിയിലായ അവസ്ഥ. പലിശ ഉൾപ്പെടെ ഒരു ലക്ഷത്തി ആറായിരം രൂപ ഇനി ബാങ്കിന് മടക്കി നല്‍‌കാനും സാധിക്കില്ല.

അതേസമയം പഞ്ചായത്തിന് േനരിട്ട് ബന്ധമില്ലെന്നാണ് പഞ്ചായത്ത് വൈസ് പ്രസി‍ഡന്റിന്റെ വിശദീകരണം. കുടുംബശ്രീയുടെ പദ്ധതിയായതിനാല്‍ രോഗം ബാധിച്ച ആടുകള്‍ക്ക് പകരം നല്‍കാമെന്നാണ് കുടുംബശ്രീ ചെയര്‍പേഴ്സന്റെ വിശദീകരണം.‍