ഓണക്കിറ്റില്‍ കുടുംബശ്രീയുടെ കൈപുണ്യവും; സ്പെഷല്‍ ഉപ്പേരിയും ശര്‍ക്കരവരട്ടിയും

കുടുംബശ്രീയുടെ കൈപ്പുണ്യവും നിറയുന്നതാണ് ഇത്തവണ കോട്ടയം ജില്ലയില്‍ സര്‍ക്കാരിന്‍റെ ഓണക്കിറ്റ്. ജില്ലയിലെ ഒരു ഡസനിലേറെ വരുന്ന കുടുംബശ്രീ യൂണിറ്റുകളില്‍ നിര്‍മിക്കുന്ന ഉപ്പേരിയും ശര്‍ക്കരവരട്ടിയുമാണ് കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഒന്നേമുക്കാല്‍ ലക്ഷത്തോളം വരുന്ന കിറ്റുകളിലേക്കുള്ള വിഭവങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 

ഓണസദ്യയില്‍ പ്രധാന വിഭവങ്ങളുടെ കൂട്ടത്തിലാണ് ഉപ്പേരിയും ശര്‍ക്കരവരട്ടിയും. കോട്ടയം ജില്ലയില്‍ ആ രുചിക്കൂട്ടൊരുക്കാന്‍ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയത്. സപ്ലൈകോയുടെ കോട്ടയം കാഞ്ഞിരപ്പള്ളി പാലാ വൈക്കം ചങ്ങനാശ്ശേരി ഡിപ്പോകളിലേക്കാണ് കുടുംബശ്രീ ശര്‍ക്കര വരട്ടിയും, ഉപ്പേരിയും വിതരണം ചെയ്യുന്നത്. ഏത്തക്കായ അരിയുന്നതു മുതല്‍ പായ്ക്കിങ് വരെ നീളുന്ന ജോലികള്‍ ഈ കൈകളില്‍ ഭദ്രം. ഒരു യൂണിറ്റില്‍ ഏകദേശം 20,000 പായ്ക്കറ്റുകള്‍ ആണ് തയ്യാറാക്കുന്നത് എല്ലാം ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്. 

നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റുകളാണ് ഓരോ കിറ്റിലും ഉള്‍പ്പെടുത്തുന്നത്. ഓര്‍ഡര്‍ ലഭിച്ചതിന്‍റെ 75 ശതമാനം പായ്ക്കറ്റുകളും യൂണിറ്റുകള്‍ കൈമാറി കഴിഞ്ഞു. അടുത്ത ആഴ്ചമുതല്‍ കിറ്റുകളുടെ വിതരണം ആരംഭിക്കാനാണ് തീരുമാനം.