പ്രീമെട്രിക് ഹോസ്റ്റലില്‍ പഴകിയ ഭക്ഷണം

പട്ടികജാതി വികസന വകുപ്പിന്‍റെ വൈക്കത്തെ പ്രീമെട്രിക് ഹോസ്റ്റലില്‍ ജീവനക്കാര്‍ കുട്ടികള്‍ക്ക് പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അവശതയിലായ കുട്ടികള്‍ക്ക് ഉചിതമായ ചികിത്സ നല്‍കാനും നടപടിയെടുക്കുന്നില്ല.  ഹോസ്റ്റലിലേക്ക് അനുവദിച്ച ഭക്ഷ്യവസ്തുക്കള്‍ ജീവനക്കാര്‍ കടത്തുന്നത് പരാതിപ്പെട്ടതോടെ കടുത്ത മാനസിക പീഡനം നേരിടുകയാണ് വിദ്യാര്‍ഥികള്‍. 

വൈക്കം പുളിഞ്ചുവടിന് സമീപമുള്ള പട്ടികജാതി വികസന വകുപ്പിന്‍റെ ഹോസ്റ്റലില്‍ 28 വിദ്യാര്‍ഥിനികളാണ് താമസം. ഹോസ്റ്റലിലെ കുട്ടികള്‍ സ്ഥിരമായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടുന്നത് പതിവാണ്. സംശയം തോന്നി നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലില്‍ നടക്കുന്ന അതിക്രമങ്ങള്‍ ബോധ്യപ്പെട്ടത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലില്‍ ഭക്ഷണം പാകം ചെയ്യുന്നത്. ഇറച്ചി ഉള്‍പ്പെടെ കൃത്യമായി വേവിക്കാറില്ല. ഭക്ഷണത്തില്‍ പുഴുക്കളെയും ചെറു കീടങ്ങളെയും കണ്ടെത്തുക പതിവാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഇതിന് പുറമെയാണ് അരിയും കറി പൗഡറും മറ്റ് ഉത്പന്നങ്ങളും ജീവനക്കാര്‍ കടത്തുന്നത്. ഇത് വിദ്യാര്‍ഥികള്‍ കയ്യോടെ പിടികൂടി. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും തട്ടിപ്പ് ബോധ്യപ്പെട്ടിരുന്നു. വാച്ച് വുമൺ, സ്വീപ്പർ എന്നിങ്ങനെ രണ്ട് സ്ഥിരം ജീവനക്കാരും 3 താൽക്കാലിക ജീവനക്കാരുമാണ് ഹോസ്റ്റലിലുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് ആരോപണം. ഇവരെ നീക്കണമെന്ന ആവശ്യവുമായി കുട്ടികളുടെ രക്ഷിതാക്കളും രംഗതെത്തി.